SignIn
Kerala Kaumudi Online
Monday, 27 July 2026 7.39 PM IST

വിജയം കൈവിടാതെ കെ.സി, പോരാട്ടത്തിളക്കത്തിൽ ശോഭ

ആലപ്പുഴ : കോൺഗ്രസിന്റെ പ്രതീക്ഷ തെറ്റിയില്ല. ആലപ്പുഴക്കാർ വീണ്ടും കെ.സി.വേണുഗോപാലിനെ നെഞ്ചിലേറ്റി. കണ്ണൂരിൽ നിന്ന് രണ്ടര പതിറ്റാണ്ട് മുമ്പ് ആലപ്പുഴയിലെത്തിയ ശേഷം ഇന്നോളം പരാജയം രുചിക്കേണ്ടി വന്നിട്ടില്ല കെ.സിക്ക്. കഴിഞ്ഞ തവണ കെ.സി മത്സരത്തിൽ നിന്ന് മാറിനിന്നപ്പോൾ ആലപ്പുഴ സീറ്റ് യു.ഡി.എഫിന് നഷ്ടപ്പെടുകയും ചെയ്തു. സീറ്റ് വീണ്ടെടുക്കാൻ അവസാന നിമിഷമാണ് കളത്തിൽ ഇറങ്ങിയതെങ്കിലും വളരെപ്പെട്ടെന്ന് പ്രചാരണത്തിൽ മറ്റ് സ്ഥാനാർത്ഥികൾക്ക് ഒപ്പമെത്താൻ കെ.സിയ്ക്ക് കഴിഞ്ഞു.

യു.ഡി.എഫിന്റെ വിജയത്തോളം തന്നെ അഭിമാനകരമാണ് എൻ.ഡി.എയ്ക്ക് ആലപ്പുഴ മണ്ഡലത്തിലുണ്ടായ മുന്നേറ്റം. യു.ഡി.എഫിന് കഴിഞ്ഞ തവണത്തെക്കാൾ 30,936 വോട്ടുകളും, എൽ.ഡി.എഫിന് 1,11,919 വോട്ടുകളും കുറഞ്ഞപ്പോൾ, ശോഭാ സുരേന്ദ്രനിലൂടെ എൻ.ഡി.എ നേടിയത് 1,04,923 അധികം വോട്ടുകളാണ്. ഈ വോട്ട് ചോർച്ച ഇടത്, വലത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ലീഡ് വിടാതെ കെ.സി

വോട്ടെണ്ണി തുടങ്ങിയ രാവിലെ 8 മണി മുതൽ വ്യക്തമായ മേൽകൈയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനുണ്ടായിരുന്നത്. ഇടയ്ക്കൊരു മറിമായം സംഭവിച്ചത് രാവിലെ 8.45ന് ആദ്യ റൗണ്ട് വോട്ടെണ്ണലിനിടെ ശോഭാ സുരേന്ദ്രൻ ലീഡ് നില 368 വോട്ടിലേക്ക് ഉയർത്തിയപ്പോഴാണ്. എന്നാൽ എൻ.ഡി.എയുടെ ആവേശത്തിന് നിമിഷങ്ങളുടെ മാത്രം ആയുസ്സേ ഉണ്ടായിരുന്നുള്ളു. പത്ത് മണിയോടടുത്തപ്പോൾ തന്നെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലേക്ക് ഉയർന്നു. ഉച്ചയ്ക്ക് 12.45 ഓടെയാണ് അമ്പതിനായിരത്തിലധികം വോട്ടുകളുടെ വ്യക്തമായ മേൽക്കൈ നേടിയത്. ഇതോടെ യു.ഡി.എഫ് ക്യാമ്പുകളിൽ ആട്ടവും പാട്ടും, മധുര വിതരണവും ആരംഭിച്ചു. പഴവീട്ടിലെ രാജീവം വീട്ടിലെ അടച്ചിട്ട മുറിയിൽ ഭാര്യ ഡോ.ആശയ്ക്കൊപ്പമായിരുന്നു കെ.സി ഫലം വീക്ഷിച്ചത്. ഇന്ത്യാ മുന്നണിയുടെയും ആലപ്പുഴ മണ്ഡലത്തിന്റെയും കുതിച്ചുകയറ്റത്തിന്റെ സന്തോഷത്തോടെയാണ് കെ.സി പ്രവർത്തകർക്കിടയിലേക്ക് എത്തിയത്.

ആദ്യ തോൽവി ഏറ്റുവാങ്ങി ആരിഫ്

മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും തോറ്റ ചരിത്രം അഡ്വ.എ.എം.ആരിഫിന് ഇന്നലെ വരെ ഉണ്ടായിരുന്നില്ല. ആ ചരിത്രമാണ് തിരുത്തപ്പെട്ടത്. മണ്ഡലത്തിൽ പ്രകടമായ വോട്ടിടിവ് സംഭവിച്ചത് ഇടതുപക്ഷത്തിനാണ്. മേൽക്കൈ പ്രതീക്ഷിച്ചിരുന്ന ചേർത്തല ഉൾപ്പടെയുള്ള നിയമസഭാ മണ്ഡലങ്ങൾ കൈവിട്ടുപോയെന്ന് സ്ഥാനാർത്ഥി എ.എം.ആരിഫ് തുറന്ന് സമ്മതിച്ചു. സി.പി.എം കോട്ടയായ കായംകുളം നിമസഭാ മണ്ഡലത്തിലെ പത്തിയൂരും, ചെട്ടികുളങ്ങരയും ഉൾപ്പടെയുള്ള ബൂത്തുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാമതായത് തിരിച്ചടിയായി.

ഗ്രാഫുയർത്തി ശോഭ

മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് നില ഉയർത്തുന്ന പതിവ് ശോഭാ സുരേന്ദ്രൻ ആലപ്പുഴയിലും ആവർത്തിച്ചു. മണ്ഡലത്തിൽ മൂന്ന് ലക്ഷത്തിന് അടുത്ത് വോട്ടുകളാണ് എൻ.ഡി.എ നേടിയത്. അമ്പതിനായിരത്തിൽ താഴെ മാത്രം വോട്ടുകൾ നേടിയിരുന്ന പതിവിൽ നിന്ന് ഡോ.കെ.എസ്.രാധാകൃഷ്ണനാണ് ബി.ജെ.പി വോട്ടുകളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലേക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉയർത്തിയത്. അതിലും വലിയ മുന്നേറ്റമാണ് ശോഭ നേടിയത്. എസ്.എൻ.ഡി.പി വോട്ടുകളും, സ്ത്രീ വോട്ടുകളും സ്ഥാനാർത്ഥിയെ പിന്തുണച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

കെ.സി.വേണുഗോപാലിന്റെ ഭൂരിപക്ഷം: 63513

നിയമസഭാ മണ്ഡലം തിരിച്ച് വോട്ടിംഗ് നില

(എ.എം.ആരിഫ് - കെ.സി.വേണുഗോപാൽ - ശോഭ സുരേന്ദ്രൻ)

#അരൂർ - 49962 -60978 - 37491

#ചേർത്തല - 61858 - 62701 - 40474

#ആലപ്പുഴ - 47300 - 65718 - 35594

#അമ്പലപ്പുഴ - 37657 - 52212 - 37547

#ഹരിപ്പാട് - 41769 - 48466 - 47121

#കായംകുളം - 48020 - 50216 - 48775

#കരുനാഗപ്പള്ളി - 49030 - 57955 - 48839

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL