
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെവക അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാഹന പാർക്കിംഗിനുള്ള സൗകര്യമില്ലാതെ നട്ടംതിരിയുന്നു. നെയ്യാറ്റിൻകരയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന 36 ഷോപ്പുകളുള്ള അക്ഷയ കോംപ്ലക്സിലേക്ക് എത്തുന്നവരാണ് വാഹനം പാർക്ക് ചെയ്യാനാകാതെ മടങ്ങിപ്പോകുന്നത്.
ഇവിടെ പുതുതായി പണിത മൂന്ന് നില കെട്ടിടം ഒരു വ്യാപാരസ്ഥാപനത്തിന് മാത്രമായി വാടകയ്ക്ക് നൽകിയപ്പോൾ അവിടെയെത്തുന്നവർക്ക് മാത്രമായി വാഹന പാർക്കിംഗ് ഏരിയ മുഴുവൻ അപഹരിച്ചതാണ് പ്രശ്നമായത്. പുതുതായി പണിത ഷോപ്പിംഗ് കോംപ്ളക്സിൽ ഭിന്നശേഷിക്കാർക്കും പട്ടികജാതി വിഭാഗത്തിനും മുറികൾ അനുവദിക്കുന്നതിനുള്ള പരിഗണന ലഭിക്കണമെന്ന് ആദ്യകാലത്ത് ആവശ്യമുയർന്നെങ്കിലും നഗരസഭാ അധികൃതർ പരിഗണിച്ചില്ലെന്ന പരാതിയുണ്ടായിരുന്നു. സാധനങ്ങൾ വാങ്ങുവാനെത്തുന്നവരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതോടെ ഇവിടം സംഘർഷ വേദിയായി മാറി.
ഒരു വ്യാപാര സ്ഥാപനത്തിനായി പാർക്കിംഗ് ഏരിയ മുഴുവനും നീക്കിവെച്ചിട്ടില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.
ഉപഭോക്താക്കൾ കുഴയുന്നു
ലക്ഷങ്ങൾ അഡ്വാൻസും വാടകയും നൽകിയാണ് അക്ഷയ കോംപ്ളക്സിൽ വ്യാപാരികൾ മുറികൾ വാടകയ്ക്ക് എടുക്കുന്നത്. എന്നാൽ ഇവിടെ വന്നുപോകുന്ന ആളുകൾക്ക് സൗകര്യം കുറഞ്ഞതോടെ കച്ചവടവും കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഇവിടേക്ക് സാധനം വാങ്ങുവാൻ വാഹനത്തിലെത്തുന്നവരെ സെക്യൂരിറ്റി ജീവനക്കാർ തടയുന്നതായും പരാതിയുണ്ട്.
കെട്ടിട നിർമ്മാണത്തിലെ അപാകത
ഷോപ്പിംഗ് കോംപ്ളക്സുകൾ നിർമ്മിച്ചപ്പോൾ താഴത്തെ നിലയിൽ മുഴുവനുമായി പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും അധികൃതർ പരിഗണിച്ചില്ല.പുതുതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ളക്സിൽ ഭിന്നശേഷിക്കാർക്കും മുനസിപ്പൽ ആക്ട് പ്രകാരമുള്ള സംവരണ വിഭാഗക്കാർക്കും മുറികൾ അനുവദിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |