ആലപ്പുഴ: മന്ത്രിമാരുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തിയ കരുതലും കൈത്താങ്ങും അദാലത്തിലെ ഉത്തരവിൽ പ്രതീക്ഷയർപ്പിക്കുകയാണ് ജനിതക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ കുടുംബം. അദാലത്തിൽ മന്ത്രി സജി ചെറിയാൻ ജില്ലാ മെഡിക്കൽ ഓഫീസിൽ ബന്ധപ്പെട്ട് ചികിത്സാ സഹായങ്ങൾ ഉറപ്പാക്കാൻ നിർദേശിച്ചിരുന്നു. കുടുംബം പുലർത്താനും ചികിത്സയ്ക്കും മാർഗമില്ലാതെ വിഷമിക്കുന്ന കുഞ്ഞിന്റെ പിതാവ് ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദിന് ആശ്വാസമായി. ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി സജി ചെറിയാനും ആശ്വാസകരമായ ഉത്തരവ് നൽകിയതോടെ ചികിത്സയ്ക്കാവശ്യമായ തുടർ നടപടികൾക്കായി ഇന്ന് ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെടാനാണ് കുടുംബത്തിന്റെ തീരുമാനം. ഡ്രൈവറായ അനീഷിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. നവംബറിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷം കഴിഞ്ഞ രണ്ട് മാസമായി അനീഷിന് ജോലിക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിന്റെ തുടർചികിത്സയ്ക്ക് സ്കാനിംഗ് ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയെങ്കിലും ചികിത്സയിലേക്ക് കടന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |