SignIn
Kerala Kaumudi Online
Friday, 23 October 2026 12.06 AM IST

റേഷൻ കടയുടമകളും സമരത്തിലേക്ക്

ആലപ്പുഴ : വാതിൽപ്പടി വിതരണക്കാരുടെ സമരം അനിശ്ചിതമായി തുടരുന്നതിനിടെ വ്യാപാരികളുടെ സംയുക്തപണിമുടക്ക് കൂടി ആരംഭിക്കാനിരിക്കെ ജില്ലയിൽ റേഷൻ വിതരണം താറുമാറാകും. സമരം അനിശ്ചിതമായി നീണ്ടാൽ അരി ഉൾപ്പടെയുള്ള ഭക്ഷ്യസാധനങ്ങളുടെ വില പൊതുവിപണിയിൽ കുതിച്ചുയരാനിടയാക്കും.

റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്നെടുത്ത് റേഷൻ കടകളിൽ വാതിൽപ്പടി വിതരണം നടത്തുന്ന കേരള ട്രാൻസ്‌പോർട്ട് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ (എൻ.എഫ്.എസ്.എ) പണിമുടക്കാരംഭിച്ചിട്ട് മൂന്നാഴ്ചയായി. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ബിൽകുടിശികയും സെപ്തംബറിലെ കുടിശിക ഭാഗികമായും നൽകാത്തതാണ് വാതിൽപ്പടി വിരണക്കാരെ സമരമുഖത്ത് എത്തിച്ചത്

. ബിൽ കുടിശികയ്ക്ക് വേണ്ടിയുള്ള നാലമാത്തെ സമരമാണ് നടക്കുന്നത്. സമരം തുടരുന്നതിനാൽ കടകളിൽ ഇപ്പോൾ 10ശതമാനം ഭക്ഷ്യസാധനങ്ങൾ മാത്രമാണ് സ്റ്റോക്കുള്ളത്. കാർത്തികപ്പള്ളി, കുട്ടനാട്, ചേർത്തല, മാവേലിക്കര താലൂക്കുകളിലെ 95ശതമാനം റേഷൻ കടകളിലും ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കില്ല. ഈ താലൂക്കുകളിലെ വിതരണ കരാർ എടുത്തിട്ടുള്ള രണ്ട് കരാറുകാരും സമരത്തിലാണ്

തീരദേശ മേഖല ഉൾപ്പെടുന്ന ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിൽ റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്. കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ റേഷൻ കടകളിൽ 15ശതമാനത്തിൽ താഴെ മാത്രമാണ് ഭക്ഷ്യധാന്യങ്ങൾസ്റ്റോക്കുള്ളത്. അമ്പലപ്പുഴയിലും ചെങ്ങന്നൂരിലും താലൂക്കുകളിൽ വാതിൽപ്പടി വിതരണ കരാറുകാരൻ സമരത്തിൽ ഇല്ലാത്തതിനാൽ ഈ താലൂക്കുകളിൽ ഭക്ഷ്യധാന്യങ്ങൾ പ്രതിസന്ധിയില്ലാതെ വിതരണം ചെയ്യുന്നുണ്ട്. ചെങ്ങന്നൂരിൽ തൊഴിൽ തർക്കം പരിഹരിച്ചതോടെ ഇന്നലെ മുതൽ വിതരണം പുനരാരംഭിച്ചു. റേഷൻ വ്യാപാര മേഖലയിലെ നാല് സംഘനകൾ ഉൾപ്പെടുന്ന റേഷൻ കോഡിനേഷൻ സംയുക്ത സമിതിയാണ് സമരരംഗത്തുള്ളത്.

റേഷൻ വിതരണം പ്രതിസന്ധിയിൽ

 എ.എ.വൈ, ബി.പി.എൽ കാർഡുടമകൾക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യസാധനങ്ങൾ പോലും കടകളിൽ ഇല്ല

 നിലവിൽ നീല, വെള്ള കാർഡ് ഉടമകൾക്ക് അരി വിതരണം നടത്താനാകുന്നില്ല

 പച്ചരിയും വെള്ളഅരിയുമാണ് റേഷൻകടകളിൽ നിലവിൽ സ്റ്റോക്കുള്ളത്

 കുത്തരിക്ക് പകരമായി അരി സ്കീംമാറ്റി കാർഡുടമകൾക്ക് നൽകും

"ജനുവരി മാസത്തെ വിതരണം പൂർത്തീകരിക്കാനുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ സ്റ്റോക്ക് ഉണ്ട്. സ്കീംമാറ്റി ഭക്ഷ്യധാന്യങ്ങൾ കാർഡുടമകൾക്ക് വിതരണം നടത്താനുള്ള നിർദ്ദേശം താലൂക്ക് സപ്ളൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

- മായാദേവി, ജില്ലാ സപ്ളൈ ഓഫീസർ

റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ പുതുക്കി നൽകാനുള്ള തീരുമാനം ഉണ്ടാകണം. സമരം ചർച്ചയിലൂടെ പരിഹരിച്ച് ഭക്ഷ്യധാന്യങ്ങൾ മുടക്കംകൂടാതെ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.

- എൻ.ഷജീർ, സംസ്ഥാന ഓർഗനൈസർ, കെ.എസ്.ആർ.ആർ.ഡി.എ

സമരം തുടരുന്ന താലൂക്കുകളും റേഷൻകടകളുടെ എണ്ണവും

ചേർത്തല:286

കുട്ടനാട്:112

കാർത്തികപ്പള്ളി:254

മാവേലിക്കര:220

ആകെ: 1197

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL