ആലപ്പുഴ : വേനൽഅവധിക്ക് സഞ്ചാരികളുടെ വരവ് വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ബീച്ചുകളിലും പാർക്കുകളിലും സുരക്ഷ ശക്തമാക്കാൻ വിനോദസഞ്ചാരവകുപ്പും ഡി.ടി.പി.സിയും. അടുത്ത ഡി.ടി.പി.സി യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമരൂപമാകും. ആലപ്പുഴ, മാരാരി, വലയഴീക്കൽ ബീച്ചുകളിലും തോട്ടപ്പള്ളി പൊഴിമുഖം, അന്ധകാരനഴി, പുന്നമടക്കായൽ എന്നിവിടങ്ങളിലും ഇപ്പോൾ തന്നെ തിരക്കാണ്.
അപകടങ്ങളും ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടവും തിരക്ക് വർദ്ധിക്കുന്നതനുസരിച്ച് കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കുന്നത്.
ബീച്ചുകളിൽ തിരയിൽപ്പെടുന്നവരെ രക്ഷിക്കാൻ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ലൈഫ് ബോയ സംവിധാനം ഏർപ്പെടുത്താനുള്ള പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന്
ഇനിയും അനുമതി ലഭിച്ചിട്ടില്ല. അപകടത്തിൽപ്പെടുന്നവരെ 30 സെക്കൻഡിനുള്ളിൽ രക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പുനൽകുന്ന ബോയകളുടെ പരീക്ഷണം ഒന്നരവർഷം മുമ്പ് സംസ്ഥാനത്ത് ആദ്യമായി നടന്നതും ആലപ്പുഴ ബീച്ചിലാണ്.
അംഗബലമില്ലാത്തത് തിരിച്ചടി
#ആലപ്പുഴ ബീച്ചിൽ ദിവസേന മൂന്നായിരത്തിൽ അധികം വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെന്നാണ് കണക്ക്
#ലൈഫ് ഗാർഡുകൾ, ടൂറിസം പൊലീസ്, ലോക്കൽ പൊലീസ് എന്നിവർ രംഗത്തുണ്ടെങ്കിലും ആവശ്യമായ അംഗബലമില്ല
# ഒരു കിലോമീറ്ററുള്ള ആലപ്പുഴ ബീച്ചിൽ രണ്ട് ഷിഫ്റ്റുകളിലായി 10 ലൈഫ് ഗാർഡുകളാണുള്ളത്. കൂടുതൽ പേരെ നിയമിക്കുമെന്ന പ്രഖ്യാപനം പേരിലൊതുങ്ങി
# ദിവസേന രണ്ടായിരത്തിലധികം സഞ്ചാരികളെത്തുന്ന വലിയഴീക്കലിൽ ഒരു ലൈഫ്ഗാർഡ് പോലുമില്ല. മാരാരി ബീച്ച്, തോട്ടപ്പള്ളി പൊഴിമുഖം, അന്ധകാരനഴി എന്നിവിടങ്ങളിലെയും സ്ഥിതി സമാനമാണ്
# റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആധുനിക ലൈഫ് ബോയകൾ വാങ്ങാൻ അനുമതി ലഭിച്ചാൽ ലൈഫ് ഗാർഡുകളെ കൂടുതലായി നിയമിക്കേണ്ട ആവശ്യമില്ല
വേനൽ അവധിക്കാലത്ത് ബീച്ചുകളിലും പാർക്കുകളിലുമെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ കലാവിരുന്ന് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് രണ്ട് ദിവസത്തിനുള്ളിൽ അന്തിമരൂപമാകും
- ഡി.ടി.പി.സി അധികൃതർ
ആലപ്പുഴ ബീച്ച്
നീളം: ഒരു കിലോമീറ്റർ
ലൈഫ് ഗാർഡുകൾ : 10
വേണ്ടത് : 20
ദിവസവേതനം : 800 രൂപ
ടൂറിസം ഗാർഡുകൾ : 3
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |