ചേർത്തല : വ്യാജ ശമ്പള സർട്ടിഫിക്കറ്റ് നൽകി സാമ്പത്തിക തട്ടിപ്പുനടത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട പ്രഥമാദ്ധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ചേർത്തല ടൗൺ എൽ.പി സ്‌കൂളിലെ പ്രഥമാദ്ധ്യാപിക എൻ.ആർ.സീതയെയാണ് ചേർത്തല എ.ഇ.ഒ മധു നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡി.ഡി.ഇ ശ്രീലത സസ്പെൻഡ് ചെയ്തത്.
ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതിന് ഇവർക്കെതിരെ പട്ടണക്കാട്,ചേർത്തല, അർത്തുങ്കൽ പൊലീസ് സ്റ്റേഷനുകളിലായി നിലവിൽ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെ.എസ്.എഫ്.ഇ അർത്തുങ്കൽ,ചേർത്തല സായാഹ്നം,പട്ടണക്കാട് ശാഖാ മാനേജർമാർ നൽകിയ പരാതിയിലാണ് കുറ്റകരമായ ഗൂഢാലോചന,ആൾമാറാട്ടം,ക്രമിനൽ ഗൂഢാലോചന,സർക്കാർ ജീവനക്കാരിയായിരിക്കെ വ്യാജരേഖ ചമച്ച് തട്ടിപ്പ് തുടങ്ങി ഏഴ് വകുപ്പുകൾ ചുമത്തി കേസെടുത്തത്. പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകളിലായി 16.97 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. അർത്തുങ്കലിൽ ബന്ധുവായ വൈശാഖിന്റെ പേരിലുള്ള ചിട്ടി തുകയായി 3.24 ലക്ഷം രൂപയും,ചേർത്തലയിൽ വായ്പയായി 3.75 രൂപയുമാണ് തട്ടിയത്. സ്‌കൂളിലെ നാല് അദ്ധ്യാപകരുടെ ശമ്പള സർട്ടിഫിക്കറ്റുകൾ അവരുടെ അനുമതിയില്ലാതെ വ്യാജമായി തയ്യാറാക്കി നൽകി 30 ലക്ഷത്തോളം വായ്പയെടുത്തെന്ന പരാതിയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ലഭിച്ചിട്ടുണ്ട്. പി.ടി.എ ഫണ്ടിൽ തിരിമറി നടന്നതായി ടൗൺ എൽ.പി.സ്‌കൂൾ പി.ടി.എ കമ്മിറ്റിയും ചേർത്തല പൊലീസിൽ പരാതി നൽകി. ഇവർ മുമ്പ് ജോലി ചെയ്തിരുന്ന ഇടങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നറിയാൻ വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തും. ഇവരുടെയും ബന്ധുക്കളുടേയും മൊബൈൽ ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |