
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ തിരക്ക് കുറയ്ക്കാനുള്ള ഇ - ഹെൽത്ത് സംവിധാനം പ്രാവർത്തികമാക്കാത്ത് മൂലം രോഗികൾ വലയുന്നു. പ്രതിദിനം രണ്ടായിരത്തോളം രോഗികൾ എത്തുന്ന ഇവിടെ ഒ.പി ടിക്കറ്റെടുക്കാൻ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കണം. ജില്ലയിലെ ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പോലും ഇ-ഹെൽത്ത് പോർട്ടൽ വഴി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാൻ സംവിധാനമായിട്ടും ഏറ്റവും തിരക്കുള്ള ജനറൽ ആശുപത്രിയിൽ വരിനിന്ന് കുഴയുകയല്ലാതെ മറ്റ് മാർഗമില്ല.
തിങ്കളാഴ്ചയാണ് ആഴ്ചയിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. പലരും പുലർച്ചെ തന്നെ ആശുപത്രിയിലെത്തി കാത്തിരുന്നാണ് ഒ.പി ടിക്കറ്റെടുക്കുന്നത്. ആശുപത്രിയിൽ സംവിധാനങ്ങൾ കമ്പ്യൂട്ടർവത്ക്കരിച്ചിട്ടുണ്ടെങ്കിലും, സാങ്കേതികമായ ചില കടമ്പകൾ കൂടി പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇ ഹെൽത്ത് കേരള എന്ന സിറ്റിസൺ പോർട്ടലിൽ മൊബൈൽ നമ്പരുപയോഗിച്ച് രജിസ്റ്റർ ചെയ്ത് മുൻകൂറായി ഒ.പി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം വർഷങ്ങളായി നിലവിലുണ്ട്. ഇ - ഹെൽത്തിൽ രോഗിയുടെ ഡിജിറ്റൽ മെഡിക്കൽ റെക്കോർഡ്, ലാബ് പരിശോധനാ ഫലമടക്കം മുൻകാല ആരോഗ്യ ചരിത്രം തുടങ്ങിയവ ഡോക്ടർക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും.
ജില്ലയിൽ ഇ ഹെൽത്ത് സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങൾ
മെഡിക്കൽ കോളേജ് ആശുപത്രി
കടപ്പുറം വനിതാ ശിശു ആശുപത്രി
മാവേലിക്കര ജില്ലാ ആശുപത്രി
2 താലൂക്ക് ആശുപത്രികൾ
2 സി.എച്ച്.സികൾ
27 ഫാമിലി ഹെൽത്ത് സെന്ററുകൾ
2 നഗര ആരോഗ്യകേന്ദ്രങ്ങൾ
ബോർഡിലുണ്ട് മാമോഗ്രാം!
ആലപ്പുഴ ജനറൽ ആശുപത്രിയുടെ പുതിയ ബഹുനില ഒ.പി മന്ദിരം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ കൊട്ടിഘോഷിച്ച പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ സ്തനാർബുദ നിർണ്ണയത്തിനുള്ള മാമോഗ്രാം പരിശോധന ഇനിയും ആരംഭിക്കാനായിട്ടില്ല. നിലവിൽ സർക്കാർ സംവിധാനത്തിൽ മാമോഗ്രാം പരിശോധിക്കാനുള്ള സംവിധാനം ജില്ലയിലില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാമോഗ്രാം പരിശോധന മുടങ്ങിയിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടു. ജനറൽ ആശുപത്രിയിൽ മാമോഗ്രാം വരുന്നുവെന്നത് വളരെ പ്രതീക്ഷയോടെയാണ് സ്ത്രീകൾ ഉറ്റുനോക്കിയിരുന്നത്. സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് രണ്ടായിരം രൂപയോളം ചെലവുണ്ട്.
മാമോഗ്രാം സ്വകാര്യ ലാബ് നിരക്ക് (രൂപയിൽ)
ഇരു വശത്തെയും പരിശോധന - 1900
ഒരു വശത്തെ പരിശോധന - 1300
ഇ - ഹെൽത്ത് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മാമോഗ്രാമിനുള്ള മെഷീൻ സ്ഥാപിച്ചു. അതിനുള്ള സി.ആർ കാസറ്റിനായി നഗരസഭാ പദ്ധതിയിൽ തുക അനുവദിച്ചിട്ടുണ്ട്. ദിവസങ്ങൾക്കകം മാമോഗ്രാം പരിശോധന ആരംഭിക്കാനാകും
- ഡോ.ആർ.സന്ധ്യ, സൂപ്രണ്ട്, ആലപ്പുഴ ജനറൽ ആശുപത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |