ആലപ്പുഴ: തിരഞ്ഞെടുപ്പ് കഴിഞ്ഞതും അതിഥി തൊഴിലാളികൾ തിരിച്ചെത്തിയതും കോടതിപ്പാലം നിർമ്മാണത്തിന് വീണ്ടും വേഗം കൂട്ടി. തൊഴിലാളികൾ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയതോടെ പാലം ജോലികൾ മന്ദഗതിയിലായിരുന്നു. നിലവിൽ 45 ശതമാനം നിർമാണം പൂർത്തിയായ പാലത്തിന്റെ ഇരുകരളിലും ജോലികൾ നടക്കുന്നുണ്ട്. പ്രധാന പാലത്തിന്റെ പൈലിംഗ് ജോലികളാണ് പുരോഗമിക്കുന്നത്. കൂടാതെ ഡ്രൈനേജിന്റെ ജോലികൾക്കും വേഗം കൂടി. തെക്കേക്കരയിലെ ഫ്ലൈ ഓവർ ജോലികളും നടക്കുന്നുണ്ട്.
കനാലിന്റെ വടക്കേക്കരയിൽ മഴ വെള്ളം നിർമ്മാണ സൈറ്റിലേക്ക് ഒഴുകിയെത്തുന്ന പ്രശ്നത്തിന് പരിഹരാരമായി ഡ്രൈനേജും നിർമ്മിക്കുന്നുണ്ട്. മഴ കനത്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
നടപ്പാലവും പരിഗണനയിൽ
കോടതിപ്പാലത്തിന് സമീപമായി പുതിയ നടപ്പാലം നിർമ്മാനും പദ്ധതിയൊരുങ്ങുന്നു. പ്രധാന പാലത്തിലൂടെയുള്ള കാൽനടയാത്ര ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നിർദേശം. ഇതിനായുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും ചെലവും രൂപരേഖയും അന്തിമമായിട്ടില്ല. കോടതിപ്പാലത്തിന്റെ പുനർനിർമാണത്തിനുള്ള പ്രാഥമിക ജോലി 2024 നവംബറിലും പഴയ പാലം പൊളിച്ചുനീക്കൽ 2025 ആഗസ്റ്റിവുമാണ് ആരംഭിച്ചത്. നിലവിൽ 120.52 കോടിയാണ് നിർമ്മാണ ചെലവായി കണക്കാക്കുന്നതെങ്കിലും രൂപരേഖാ മാറ്റങ്ങളും മറ്റ് അനുബന്ധ ജോലികളും കാരണം ചെലവ് വർധിക്കാനിടയുണ്ട്. റൗണ്ട് ടേബിൾ മാതൃകയിൽ പാലം പൂർത്തിയാകുമ്പോൾ ഇരുകരകളിലും മൂന്ന് ലൈൻ വീതമുള്ള ഗതാഗതസൗകര്യമുണ്ടാകും. 5.5 മീറ്റർ വീതിയിലുള്ള മേൽപ്പാലവും 7.5 മീറ്റർ വീതിയിലുള്ള അടിപ്പാതയും 5.5 മീറ്റർ വീതിയിലുള്ള റാമ്പുകളും പദ്ധതിയുടെ ഭാഗമാണ്.
2027ൽ പൂർത്തിയാകും
ആദ്യം നിശ്ചയിച്ച സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകില്ല
2026 ആഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്
ഇപ്പോഴത്തെ സാഹചര്യത്തിൽ 2027 ആഗസ്റ്റോടെ നിർമ്മാണം പൂർത്തിയായേക്കും
തൊഴിലാളികൾ തിരിച്ചെത്തിയതോടെ നിർമ്മാണം വേഗത്തിലാണ്. മഴ ജോലികളെ ബാധിച്ചിട്ടില്ല. നിർമ്മാണം അടുത്തവർഷം പൂർത്തിയാകും.
- കെ.ആർ.എഫ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |