
തുറവൂർ: തുറവൂർ–അരൂർ ഉയരപ്പാതയുടെ നീളം കൂട്ടുന്നതിന്റെ ഭാഗമായി ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം. പുതിയ ഗതാഗത ക്രമീകരണങ്ങൾ ഫലപ്രദമായതോടെയാണ് കുരുക്കിന് വലിയ തോതിൽ ആശ്വാസമായത്. തുറവൂർ കവല മുതൽ തെക്കോട്ടുള്ള ഇടുങ്ങിയ സർവീസ് റോഡിലൂടെയാണ് നിലവിൽ ദീർഘദൂര ബസുകൾ, ചരക്ക് ലോറികൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്. കുമ്പളങ്ങി റോഡിൽ നിന്നും തൈക്കാട്ടുശ്ശേരി റോഡിൽ നിന്നും തുറവൂർ കവലയിലേക്ക് വാഹനങ്ങൾ നേരിട്ട് പ്രവേശിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമായതോടെ, കവലയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ഇതോടെ, കുമ്പളങ്ങി റോഡിൽ നിന്ന് എത്തുന്ന വാഹനങ്ങൾ കവലയിൽ ഇടത്തോട്ട് തിരിഞ്ഞുവേണം പോകാൻ. തൈക്കാട്ടുശ്ശേരിയിൽ നിന്ന് എത്തുന്ന വാഹനങ്ങൾ തുറവൂർ കവലയിൽ എത്തി വലത്തോട്ട് തിരിഞ്ഞ് സർവീസ് റോഡിലേക്ക് പ്രവേശിച്ച ശേഷം വേണം യാത്ര തുടരാൻ. നിയന്ത്രണം നിലവിൽ വന്നതോടെ ദേശീയപാതയിലെ വാഹനഗതാഗതം കൂടുതൽ സുഗമമായി.
പാർക്കിംഗ് നിയന്ത്രിക്കണം
പുതിയ രൂപരേഖ പ്രകാരം പാലക്കപ്പറമ്പ് വരെ 210 മീറ്റർ ദൂരം കൂടി ഉയരപ്പാത തൂണുകളിൽ തന്നെ തെക്കോട്ട് നീളും. അവിടെ നിന്ന് 250 മീറ്റർ നീളത്തിൽ അനുബന്ധ റോഡും നിർമ്മിക്കും. ഇതിന്റെ ഭാഗമായി തുറവൂർ കവല മുതൽ ആലക്ക പറമ്പ് വരെ ദേശീയപാതയുടെ ഇരുവശങ്ങളിലും ഒറ്റവരി സർവീസ് റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. നിലവിൽ വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്.
എന്നാൽ, സർവീസ് റോഡിനോട് ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്ക് ചെയ്യുന്നതും, ഇടതുവശം ചേർന്ന് അപകടകരമായി വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുന്നതും ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും കാരണമാകുന്നുണ്ട്. സർവീസ് റോഡിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിനും, ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനുമായി പൊലീസും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |