
മുഹമ്മ: തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പൂച്ചയ്ക്ക് പുതുജീവൻ നൽകി യുവാവ്. പത്തുദിവസങ്ങൾക്ക് മുമ്പാണ് കാവുങ്കൽ പുളിമൂട്ടിൽ അഡ്വ.നിതീഷിന്റെ സുന്ദരി പൂച്ച നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പാൽ കൊടുത്തും സ്നേഹ പരിലാളനകൾ നൽകിയും കുഞ്ഞുങ്ങളെ അമ്മപ്പൂച്ച പരിചരിക്കുന്ന തിരക്കിലായിരുന്നു. ഇതിനിടെയാണ് തെരുവുനായകൾ കൂട്ടത്തോടെ വന്ന് കഞ്ഞുങ്ങളെ ആക്രമിക്കാൻ ശ്രമിച്ചത്. അമ്മപ്പൂച്ച നായ്ക്കളോട് പൊരുതി നിന്നു. ഒടുവിൽ കടിയേറ്റ് തകർന്നെങ്കിലും പോരാടി തന്റെ അരുമകളെ രക്ഷിച്ചു. എങ്കിലും കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാനോ, കിടക്കുവാനോ, നിൽക്കാനോ നടക്കാനോ കഴിയാതെ അമ്മപ്പൂച്ച വിഷമിച്ചു. നിതീഷ് മൃഗ ഡോക്ടറെ കണ്ട് ചികിത്സ നൽകി. മുറിവ് ഉണങ്ങിയെങ്കിലും പൂച്ചയ്ക്ക് നടക്കാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെ പൂച്ചയും കുഞ്ഞുങ്ങളും ചാകുമെന്ന അവസ്ഥയായി. ഇതിനിടെയാണ് കൂട്ടുകാരനും തുറവൂർ സിൽക്കിലെ ജീവനക്കാരനുമായ കാവുങ്കൽ ചെമ്മാരപ്പള്ളി ഹരികുമാറിനോട് നിതീഷ് ദു:ഖം പങ്കുവച്ചത്. ഇതോടെ ഹരികുമാർ നാലു വീലുകളും വേണ്ട ഫിറ്റിംഗുകളും വാങ്ങി പൂച്ചയ്ക്ക് നടക്കാനുള്ള സഹായ സംവിധാനം തയ്യാറാക്കി ഘടിപ്പിക്കുകയായിരുന്നു.അധികം താമസിയാതെ പ്രയാസപ്പെട്ടാണെങ്കിലും പൂച്ചയ്ക്ക് നടക്കാമെന്നായി. ആഹാരം കഴിക്കാനും കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കാനും തുടങ്ങി. അങ്ങനെ, അമ്മ പ്പൂച്ചയുടെയും നാല് അരുമകളുടെയും ജീവിതം കളിചിരിയോടെ മുന്നേറുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |