
ആലപ്പുഴ: ജലസംരക്ഷണ സന്ദേശവുമായി നേവൽ എൻ.സി.സി കേഡറ്റുകളുടെ പായ്‌വഞ്ചി യാത്ര ആലപ്പുഴയിലെത്തി. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള 65 കേഡറ്റുകളാണ് 210 കിലോമീറ്റർ നീളുന്ന പായ്‌വഞ്ചി യാത്ര (സെയിലിംഗ് എക്സ്പെഡിഷൻ) നടത്തുന്നത്. ആറു ദിവസമാണ് ജില്ലയിലെ വിവിധ കായലുകളിലൂടെ സംഘം യാത്രചെയ്യുന്നത്. വ്യാഴാഴ്‌ച കൊല്ലം തേവള്ളി ജെട്ടിയിൽ നിന്നും ആരംഭിച്ച യാത്ര വെള്ളിയാഴ്‌ച ജില്ലയിലെത്തി പല്ലനയിൽ മഹാകവി കുമാരനാശാന്റെ പ്രതിമ വൃത്തിയാക്കി. ശനിയാഴ്‌ച ആലപ്പുഴ നഗരത്തിലെത്തിയ സംഘം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ തെരുവ് നാടകം അവതരിപ്പിച്ചു. ഞായറാഴ്‌ച മുഹമ്മയിലെത്തി മൂകാഭിനയവും പാതിരാമണലിലെത്തി ശുചീകരണവും നടത്തി. തിങ്കളാഴ്‌ച മുഹമ്മ കണ്ണങ്കരയിൽ നിന്നും പുന്നമടവരെ യാത്രചെയ്ത സംഘത്തിന് കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എ.രാജേഷ് ക്ലാസ്സെടുത്തു. ചൊവ്വാഴ്‌ച പുന്നപ്രവരെ യാത്രചെയ്യുന്ന സംഘം ബുധനാഴ്‌ച രാവിലെ കൊല്ലത്തേക്ക് യാത്രതിരിക്കും. സാഹസിക പരിശീലനത്തോടൊപ്പം സാമൂഹിക സേവനവും പരിസ്ഥിതി അവബോധവും ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
കൊല്ലം എൻ.സി.സി ഗ്രൂപ്പ് ആസ്ഥാനത്തിന്റെയും കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെയും മേൽനോട്ടത്തിൽ കൊല്ലം 3(കെ) കേരള നേവൽ യൂണിറ്റാണ് യാത്ര സംഘടിപ്പിക്കുന്നത്. ക്യാപ്റ്റൻ ജെ.പരമേശ്വരൻ, ലെഫ്. കമാൻഡർ രാഹുൽ ദാസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |