
അമ്പലപ്പുഴ: ഗർഭകാല പരിശോധനകളൊന്നും നടത്താത്ത അമ്മയ്ക്ക് ജനിച്ച 30–32 ആഴ്ച മാത്രം പ്രായമുള്ളതും 1.3 കിലോഗ്രാംഭാരമുള്ളതുമായ ആൺകുഞ്ഞിന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഗുരുതരമായ ശ്വാസതടസ്സവും രക്തചംക്രമണത്തിലെ അസ്ഥിരതയും അനുഭവപ്പെട്ട കുഞ്ഞിന് ഇടത് വശത്തെ ജന്മനാ ഉള്ള ഡയഫ്രാമാറ്റിക് ഹെർണിയ സ്ഥിരീകരിച്ചു.
ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം ആരോഗ്യനില മെച്ചപ്പെട്ട കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ആലപ്പുഴ ശിശുക്ഷേമ സമിതിക്ക് കൈമാറി. 2026 സെപ്റ്റംബർ 9-ന് പുലർച്ചെ 4.50-നാണ് കുഞ്ഞ് കരുനാഗപ്പള്ളിയിൽ ജനിച്ചത്. മൂന്ന് മണിക്കൂറിനുള്ളിൽ ഗുരുതരമായ ശ്വാസതടസ്സത്തെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർപരിശോധനകളിലൂടെ ജന്മനാ ഉള്ള ഡയഫ്രാമാറ്റിക് ഹെർണിയ സ്ഥിരീകരിച്ചു. ശ്വാസസഹായം, ആന്റിബയോട്ടിക്കുകൾ, രക്തസമ്മർദവും രക്തചംക്രമണവും നിലനിർത്തുന്നതിനുള്ള മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള തീവ്രപരിചരണം നൽകി. ആരോഗ്യനില സ്ഥിരപ്പെടുത്തിയശേഷം ജനിച്ച് അഞ്ചാം ദിവസം ശസ്ത്രക്രിയ നടത്തി. പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. ആതിയ പർവീൺ, ഡോ. ഷിർബിൻ ജോ മാത്യൂസ് എന്നിവർ നേതൃത്വം നൽകി. ഡോ. ലിഡിയ എം.എം., ഡോ. വിഷ്ണുരാജ് ടി.ടി. എന്നിവരുടെ പിന്തുണയും ലഭിച്ചു. ജൂനിയർ റസിഡന്റ് ഡോ. ശ്രുതി, സ്റ്റാഫ് നഴ്സ് രാഹുൽ എന്നിവരും ചികിത്സാസംഘത്തിന്റെ ഭാഗമായി. ഡോ. വീണ, ഡോ. ബിബി എന്നിവർ അനസ്തേഷ്യ നൽകി. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള നവജാതശിശു പരിചരണത്തിന് നിയോനറ്റോളജിസ്റ്റുകളായ ഡോ. ദീപാ കൃഷ്ണൻ, ഡോ. ടിസ ജോൺ എന്നിവരും പീഡിയാട്രിക് റെസിഡന്റുമാരായ ഡോ. ഡിംപിൾ, ഡോ. വിന്ദ്യ എന്നിവരും നേതൃത്വം നൽകി. ശസ്ത്രക്രിയയ്ക്കുശേഷം അഞ്ചാം ദിവസം കൃത്രിമ ശ്വാസസഹായം ക്രമേണ നിർത്താനായി. പാൽ കുടിക്കുന്നതിൽ പുരോഗതിയുണ്ടായതോടെ ഭക്ഷണത്തിന്റെ അളവ് വർധിപ്പിക്കുകയും വിറ്റാമിനുകൾ ഉൾപ്പെടെയുള്ള അനുബന്ധ പോഷകങ്ങൾ നൽകുകയും ചെയ്തു. നിലവിൽ കുഞ്ഞ് പാൽ നന്നായി സ്വീകരിക്കുന്നതായും രക്തചംക്രമണനില തൃപ്തികരമാണെന്നും ശരീരഭാരം ക്രമേണ വർധിക്കുന്നുണ്ടെന്നും ചികിത്സാസംഘം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |