SignIn
Kerala Kaumudi Online
Saturday, 24 October 2026 6.32 AM IST

വിതയായിട്ടും വിത്തെത്തിയില്ല,​ കുട്ടനാട്ടിൽ നെട്ടോട്ടം

ആലപ്പുഴ: പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോഴും കുട്ടനാട്ടിൽ വിത്തിനായി നെട്ടോട്ടം. സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള സീഡ് അതോറിട്ടിയുടെ നേതൃത്വത്തിൽ വിതയ്ക്ക് മുന്നോടിയായി എത്തിക്കേണ്ട വിത്ത്,​ കൃഷിഭവനുകളിലും പാടശേഖര സമിതികളുടെ കൈവശവും എത്താത്തതാണ് പ്രശ്നം. പാലക്കാട് ജില്ലയിലെ പരമ്പരാഗത നെൽകർഷകരിൽ നിന്നാണ് കുട്ടനാടുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നെൽകൃഷിക്ക് വിത്ത് എത്തിക്കുന്നത്. വിത്ത് ഉൽപ്പാദകർക്ക് വില ലഭ്യമാക്കുന്നതിലെയും വിതരണ വാഹനത്തിന്റെ ടെൻഡർ നടപടികളിലെയും കാലതാമസമാണ് വിത്ത് വിതരണം അനന്തമായി നീളാൻ കാരണം. കുട്ടനാട്ടിൽ പരമാവധി 30,​000 ഹെക്ടർ സ്ഥലത്തെ പുഞ്ചക്കൃഷിയുടെ വിത 27ന് ആരംഭിക്കാനാണ് തീരുമാനം. എങ്കിലേ ഫെബ്രുവരിയിൽ വിളവെടുപ്പ് ആരംഭിക്കാനാകൂ. ഒരു ഏക്കറിന് 40 കിലോ വിത്തെന്ന ക്രമത്തിൽ ഹെക്ടറിന് 100 കിലോ വിത്ത് വേണ്ടിവരും. ഇത്തരത്തിൽ 30,​000 ഹെക്ടറിലേക്ക് 3 ലക്ഷം കിലോ വിത്താണ് വേണ്ടത്. ഡി.1 (ഉമ )​നെൽവിത്താണ് കൃഷി വകുപ്പ് വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 42 രൂപയാണ് വില. വിത്ത് വിതരണം നീളുകയും വിത വൈകുകയും ചെയ്താൽ കാലാവസ്ഥാ വ്യതിയാനവും എൽനിനോ ഭീഷണിയും മാർച്ച് മാസത്തെ കൊടും ചൂടും വേലിയേറ്റവും വിളവിനെ ബാധിക്കും.

വാഹന ടെൻഡർ പൂർത്തിയായില്ല

1. കർഷകരിൽ നിന്ന് സംഭരിച്ച് സംസ്കരിച്ച നെൽവിത്ത് പാലക്കാട് കൊല്ലങ്കോട്ടെ വിവിധ കർഷകരുടെ കളങ്ങളിലുണ്ട്. കൊയ്ത്തിന് ശേഷം കിളിർപ്പിന് അനുയോജ്യമാം വിധം 13 ശതമാനമാക്കി ഉണക്കി സൂക്ഷിച്ചിരിക്കുന്ന നെൽവിത്തുകൾ സംസ്കരണ കേന്ദ്രങ്ങളിലെത്തിച്ച് 30 കിലോ വീതമുള്ള ബാഗുകളാക്കി വേണം കുട്ടനാട്ടിലെത്തിക്കാൻ

2. വിത്തിന്റെ വില കർഷകർക്ക് നൽകി വാഹനങ്ങളുടെ ടെൻഡർ നടപടികളും പൂർത്തിയാക്കിയാലേ വിത്ത് വിതരണം ആരംഭിക്കാനാകൂ. വിതയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കർഷകർക്ക് വില നൽകി വിത്ത് സംഭരിക്കാനോ വാഹനങ്ങളിൽ കയറ്റി കുട്ടനാട്ടിലെത്തിക്കാനോ കൃഷി വകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല.

3. നെൽവിത്തിന്റെ ക്ഷാമം കണക്കിലെടുത്ത് കുട്ടനാട്ടിൽ വിത്ത് കൈവശമുള്ളവർ അതിന്റെ വിലയും കൂട്ടിയിട്ടുണ്ട്. കിലോയ്ക്ക് 42 രൂപയ്ക്ക് ലഭിച്ചിരുന്ന വിത്തിന് ചിലർ 48, 50 രൂപവരെ ആവശ്യപ്പെടുന്നതായാണ് വിവരം. തുലാവർഷത്തിന്റെ ഭാഗമായുള്ള അതിശക്തമായ മഴയും വിതയ്ക്ക് നിലം ഒരുക്കലുൾപ്പെടെ ജോലികൾക്ക് തടസമാണ്.

വിത്ത് ലഭ്യമാകാത്ത സാഹചര്യത്തിൽ കർഷകർ ദുരിതത്തിലാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് കാരണം. ഗുണമേൻമയുള്ള വിത്ത് ലഭ്യമാക്കാൻ സർക്കാർ ഇടപെടണം

- സോണിച്ചൻ പുളിങ്കുന്ന്,​ വോയ്സ് ഒഫ് ഗ്രേറ്റർ കുട്ടനാട് കർഷക കൂട്ടായ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL