ആലപ്പുഴ: ആഭ്യന്തര, എക്സൈസ് വകുപ്പ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും രണ്ട് എം.പിമാരുമുള്ള ആലപ്പുഴയിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഏക വാഹനമായ ജീപ്പ് മുഖ്യമന്ത്രിയുടെ മണ്ഡലമുൾപ്പെടുന്ന എറണാകുളത്തേക്ക് കൈമാറാൻ ഉത്തരവ്. എറണാകുളം ജില്ലയിൽ മുഖ്യമന്ത്രിയുടേതുൾപ്പെടെ സർക്കാർ പരിപാടികൾക്ക് മികച്ച കവറേജ് ഉറപ്പാക്കാനുള്ള വാഹനസൗകര്യം ഉറപ്പാക്കുന്നതിനാണ് ആലപ്പുഴയിലെ വാഹനം വിട്ടുകൊടുക്കാൻ പി.ആർ.ഡി ഡയറക്ടർ ഉത്തരവിട്ടതെന്നറിയുന്നു.
ആലപ്പുഴ ഓഫീസിലെ ബൊലേറോ ജീപ്പ് ഉടൻ എറണാകുളത്തിന് കൈമാറും. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് പ്രിസം പദ്ധതിയിലൂടെ വാഹനം വാടകയ്ക്ക് എടുക്കാനായിരുന്നു നേരത്തെ നിർദേശിച്ചിരുന്നതെങ്കിലും അപ്രകാരം വാഹനം ലഭ്യമാകുന്നില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയിലെ വാഹനം വിട്ടുകൊടുക്കാൻ നിർദ്ദേശമെത്തിയത്.
ആഭ്യന്തരം, വിജിലൻസ്, കയർ വകുപ്പ് മന്ത്രിയെന്ന നിലയിലും ഹരിപ്പാട് എം.എൽ.എയെന്ന നിലയിലും രമേശ് ചെന്നിത്തലയ്ക്കും കായംകുളം എം.എൽ.എയും എക്സൈസ്, സഹകരണ വകുപ്പ് മന്ത്രിയുമെന്നതിന് പുറമേ ജില്ലയുടെ ചുമതലക്കാരനെന്ന നിലയിൽ മന്ത്രി എം.ലിജുവിനും പതിവായി ഔദ്യോഗിക പരിപാടികളുള്ള ജില്ലയാണ് ആലപ്പുഴ. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും ഭരണകക്ഷിയിലെ പ്രമുഖകക്ഷിയുടെ ദേശീയനേതാക്കളും എം.പിമാരുമായ കെ.സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും പങ്കെടുക്കുന്ന പരിപാടികൾ വേറെയും.
എറണാകുളത്ത് ഡെപ്യൂട്ടി ഡയറക്ടർ,ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലായി രണ്ട് വാഹനങ്ങളുള്ളപ്പോഴാണ് ആലപ്പുഴയിലെ ഏക വാഹനം കൂടി അവിടേക്ക് മാറ്റുന്നത്.
വാടക വണ്ടി കിട്ടിയാൽ ഭാഗ്യം
മഴക്കെടുതികൾ രൂക്ഷമാകുന്ന കുട്ടനാടും കടലാക്രമണ ബാധിതപ്രദേശങ്ങളുമുൾപ്പെട്ട ജില്ലയിലാകമാനം ഓടിയെത്താൻ വാഹനം കൂടിയേ തീരൂ
നിയോജക മണ്ഡലാടിസ്ഥാനത്തിൽ പൊതുപരിപാടികൾ കവർ ചെയ്യാനായി കൃത്യസമയത്തെത്താനും വാഹനം ആവശ്യമാണ്
പ്രിസം പദ്ധതി പ്രകാരം വാഹനം വാടകയ്ക്കെടുക്കാനാണ് ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിന് ലഭിച്ചിരിക്കുന്ന നിർദേശം
സർക്കാർ നിരക്കിൽ വാഹനം ലഭിക്കാനുള്ള സാദ്ധ്യത വിരളമാണെന്നിരിക്കെ എന്ത് ചെയ്യുമെന്നറിയാത്ത നിലയിലാണ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |