
ആലപ്പുഴ: ട്രെയിനുകളിലെ പാൻട്രി കാറിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ട്രാക്കിൽ തള്ളുന്നതോടെ ദുർഗന്ധം വമിക്കുകയാണ്. പലയിടങ്ങളിലും റെയിൽപ്പാത മാലിന്യക്കൂമ്പാരമായി മാറി. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവുനായകളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകർ പറയുന്നു. ദീർഘദൂര ട്രെയിനുകളുടെ പാൻട്രി കാറുകളിൽനിന്നാണ് മാലിനയ്ം തള്ളൽ ആവർത്തിക്കുന്നത്. കഴിഞ്ഞദിവസം ആലപ്പുഴ വഴി പോയ അമൃത്സർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ മാലിന്യവും പാതയിൽ തള്ളി. പാൻട്രി വേസ്റ്റുകൾ ശേഖരിച്ച് സംസ്കരണത്തിന് നിശ്ചയിച്ച സ്റ്റേഷനുകളിൽ നൽകണമെന്നാണ് റെയിൽവേ നിയമം. പ്രധാന സ്റ്റേഷനുകളിൽ മാലിന്യശേഖരണത്തിനും സംസ്കരണത്തിനും സംവിധാനങ്ങളുമുണ്ട്. എന്നാൽ തീരദേശപാതയിലൂടെ കടന്നുപോകുന്ന ദീർഘദൂര ട്രെയിനുകൾ മാലിന്യം ട്രാക്കിലേക്ക് തള്ളിയാണ് പ്രശ്നം പരിഹരിക്കുന്നത്!.
മഴക്കാലത്ത് മാലിന്യം ചീഞ്ഞഴുകുന്നത് ദുരിതം രൂക്ഷമാക്കുന്നു. തീരദേശപാതയിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപവും ജനവാസകേന്ദ്രങ്ങളോട് ചേർന്നുള്ള ഭാഗങ്ങളിലുമാണ് മാലിന്യങ്ങൾ തള്ളുന്നത്. ട്രെയിൻ കടന്നുപോകുമ്പോൾ പാൻട്രി കാറുകളിൽനിന്ന് മാലിന്യം വലിച്ചെറിയുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇത്തരം ട്രെയിനുകളെയും ജീവനക്കാരെയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പാൻട്രി കാറുകളിൽനിന്നുള്ള മാലിന്യസംസ്കരണ സംവിധാനം കർശനമായി നിരീക്ഷിക്കണമെന്നും നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |