
പൂച്ചാക്കൽ: ക്രമസമാധാനപാലന തിരക്കുകൾക്കിടയിലും സഹപ്രവർത്തകയുടെ ജീവിതത്തിലെ സന്തോഷനിമിഷം ഹൃദയത്തോടു ചേർത്തുപിടിച്ച് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ഗർഭിണിയായ സഹപ്രവർത്തകയ്ക്ക് സ്നേഹവും കരുതലും പകർന്നുനൽകാൻ ഉദ്യോഗസ്ഥർ ഒത്തുചേർന്നപ്പോൾ വളകാപ്പ് ചടങ്ങ് സൗഹൃദത്തിന്റെ മനോഹരമായ ആഘോഷമായി.
രണ്ടര വർഷമായി പൂച്ചാക്കൽ സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസറായി ജോലി ചെയ്യുന്ന അശ്വതിക്കായാണ് സഹപ്രവർത്തകർ വളകാപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. ഗർഭം ഏഴാം മാസത്തിലെത്തിയ അശ്വതിക്ക് ഏഴുതരം വളകളും ഏഴുതരം മധുരപ്പലഹാരങ്ങളും സമ്മാനിച്ചാണ് ഉദ്യോഗസ്ഥർ സന്തോഷം പങ്കിട്ടത്. വനിതാ ഉദ്യോഗസ്ഥർ പുതു വസ്ത്രങ്ങളണിയിച്ച് അശ്വതിയെ ചടങ്ങിലേക്ക് സ്വീകരിച്ചാനയിച്ചു. വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ മണ്ണേൽ വീട്ടിൽ വ്യോമസേനാ ഉദ്യോഗസ്ഥനായ അനൂപിന്റെ ഭാര്യയാണ് അശ്വതി. പൂച്ചാക്കൽ സ്റ്റേഷനിലേക്കുള്ള യാത്രയിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് അശ്വതിക്ക് ചേർത്തലസ്റ്റേഷനിൽ ജോലി ചെയ്യാൻ വകുപ്പുതല അനുമതിയും ലഭിച്ചിട്ടുണ്ട്. പ്രസവാവധി ആരംഭിക്കുന്നതുവരെ ചേർത്തല സ്റ്റേഷനിൽ ജോലി തുടരും. പ്രസവത്തിന് ശേഷമേ പൂച്ചാക്കൽ സ്റ്റേഷനിലേക്ക് തിരിച്ചെത്തുകയുള്ളൂ.
പൂച്ചാക്കൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ പിറന്നാളുകൾ ഉൾപ്പെടെയുള്ള സന്തോഷനിമിഷങ്ങൾ കൂട്ടായ്മയോടെ ആഘോഷിക്കുന്നത് പതിവാണ്. ഇവ സമൂഹമാദ്ധ്യമങ്ങളിലൂടെയും പങ്കുവയ്ക്കാറുണ്ട്. സിവിൽ പൊലീസ് ഓഫീസർമാരായ ജുബിനും സി.മാത്യുവുമാണ്റീൽസുകൾ തയ്യാറാക്കുന്നത്.
മാനസിക സമ്മർദം കുറച്ച് മികച്ച തൊഴിൽഅന്തരീക്ഷം സൃഷ്ടിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്ന് കൗൺസിലറും പബ്ലിക് റിലേഷൻസ് ഓഫീസറുമായ പി. എൽ..ഷുനൈസ് പറഞ്ഞു. എ.എസ്.ഐ. സി.ആർ.ബിജുമോൻ ഉൾപ്പെടെയുള്ള ഉദ്യഓഗസ്ഥർ ചടങ്ങിൽ പങ്കുചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |