ആലപ്പുഴ : മഴയ്ക്കും വേലിയേറ്റം മൂലമുള്ള വെളളപ്പൊക്കത്തിനും ശമനമുണ്ടായെങ്കിലും കർണാടകയിൽ നിന്നുള്ള വിത്ത് വൈകുന്നതിനാൽ കുട്ടനാട്ടിൽ വിത വീണ്ടും വൈകിയേക്കും. പാലക്കാട്ടെ കർഷകരിൽ നിന്ന് വിത്ത് സംഭരിക്കാനും പതിര് നീക്കി പായ്ക്ക് ചെയ്ത് കൃഷിഭവനുകളിലെത്തിക്കാനും കഴിയാതെപോയ സാഹചര്യത്തിലാണ് കൃഷിമന്ത്രി ഇടപെട്ട് കർണാടകയിൽ നിന്ന് വിത്ത് എത്തിക്കാൻ തീരുമാനമെടുത്തത്. വിത്ത് ക്ഷാമം കുട്ടനാട്ടിലെ പുഞ്ചകൃഷിക്കുൾപ്പെടെ തടസമാകുന്നെന്ന് കർഷകരിൽ നിന്ന് പരാതിയുയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ ഇടപെടൽ.
കൃഷി വകുപ്പ് കർണാടക സർക്കാരുമായി കരാറിൽ ഏർപ്പെട്ടെങ്കിലും ദസ്റ ഉൾപ്പെടെയുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട അവധിയും വിത്ത് ശേഖരിച്ച് വാഹനങ്ങളിൽ കയറ്റി അയക്കുന്നതിനുള്ള കാലതാമസവും യഥാസമയം വിത്ത് എത്തിക്കുന്നതിന് തടസമായി. ശനിയാഴ്ചയോടെ വിത്ത് എത്തുമെന്നാണ് ഇപ്പോൾ പറയപ്പെടുന്നതെങ്കിലും കർഷകർ അത് പൂർണവിശ്വാസത്തിലെടുത്തിട്ടില്ല.
മഴയുടെ ശക്തി കുറഞ്ഞതോടെ രണ്ടാംകൃഷിയുടെ കൊയ്ത്തും കുട്ടനാട്ടിൽ സജീവമായി. കരുവാറ്റ നാരകത്തറ ഭാഗത്ത് കിഴിവിനെച്ചൊല്ലി ഒരു മില്ല് നെല്ല് സംഭരണത്തിന് വിസമ്മതിച്ചതൊഴിച്ചാൽ സംഭരണത്തിൽ കാര്യമായ പരാതികളൊന്നും നിലവിലില്ല.
അവധി ദിവസങ്ങൾ വിനയായി
1. ന്യൂനമർദ്ദത്തിന്റെ ഭാഗമായ മഴയുടെ ശക്തി കുറഞ്ഞതോടെ പാടങ്ങൾ വറ്റിച്ച് വിതയ്ക്കൊരുക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്
2. വിത്ത് വിതരണം ഇനിയും നീണ്ടാൽ പ്രശ്നപരിഹാരത്തിനായി കുട്ടനാട് എം.എൽ.എയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ
3. ഈ മാസം 27ന് പുഞ്ചകൃഷിയുടെ വിത ആരംഭിക്കാനായിരുന്നു തീരുമാനം. ഫെബ്രുവരിയിൽ വിളവെടുപ്പ് മുന്നിൽ കണ്ടായിരുന്നു ഇത്
4. വിത്ത് വിതരണം നീളുകയും വിത വൈകുകയും ചെയ്താൽ കാലാവസ്ഥാ വ്യതിയാനവും എൽനിനോ ഭീഷണിയും വിളവിനെ ബാധിക്കും
കുട്ടനാട്ടിൽ പുഞ്ചകൃഷി
(ഹെക്ടറിൽ)
30,000
ഒരു ഹെക്ടറിന് വേണ്ട വിത്ത്
100 കി.ഗ്രാം
വിതയ്ക്ക് യഥാസമയം വിത്ത് എത്തിക്കുന്നതിലുൾപ്പെടെ കൃഷി വകുപ്പ് കാട്ടുന്ന അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. വിത വൈകുന്തോറും വിളവെടുപ്പും വൈകും. മാർച്ച് , ഏപ്രിൽ മാസങ്ങളിലെ കൊടുംചൂട് വിളവ് കുറയാൻ ഇടയാക്കും
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |