
കൊച്ചി: പടിക്കലെത്തിയ പൊന്നോണത്തെ ചിട്ടവട്ടങ്ങളോടെ വരവേൽക്കാൻ കലവറകളിൽ 'ഇല"ത്താളം മുറുകുന്നു. കാറ്ററിംഗ് യൂണിറ്റുകളിൽ പുതുമകളുടെ പൂക്കാലം. നാലുകൂട്ടം ഉപ്പേരിയും രണ്ട് അച്ചാറും രണ്ട് പ്രഥമനും ഉൾപ്പെടുന്ന ഇടത്തരം സദ്യ മുതൽ 3-4 പായസവും ബോളിയുമുള്ള മെഗാ സദ്യയുമുണ്ടാകും. 'ഉണ്ടോണം" ഗംഭീരമായി എന്ന് സകലരെക്കൊണ്ടും പറയിച്ചേ അടങ്ങൂ എന്ന വാശിയിലാണ് കാറ്ററിംഗുകാർ. പോക്കറ്റിനും വയറിന്റെ ശേഷിക്കും യോജിച്ച പാക്കേജുകൾ തിരഞ്ഞെടുക്കാം.
രുചിക്കൂട്ടുകളുടെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന കൊച്ചിയിൽ പതിവുപോലെ സദ്യ പൊടിപൂരമാകും.
400 രൂപ മുതൽ
24 വിഭവങ്ങളടങ്ങിയ, ഇലയടക്കമുള്ള സദ്യയ്ക്ക് ഒരാൾക്ക് 400 രൂപയാണ് നിരക്ക്. പാലടയും പരിപ്പ് പ്രഥമനുമുണ്ടാകും. കുറേക്കൂടി വിശാലമാക്കണമെങ്കിൽ 520 ന്റെ സദ്യയാവാം. അച്ചാറുകളടക്കം 26 വിഭവങ്ങളും പാലട, പരിപ്പ് പ്രഥമൻ, പഴപ്രഥമൻ എന്നിവയുമുണ്ടാകും. ചില കാറ്ററിംഗുകാർ പഴപ്രഥമന് അകമ്പടിയായി ബോളിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു പേർക്ക് 2000
ചോറൊഴികെ അഞ്ചുപേർക്കുള്ള 2000 രൂപയുടെ പാക്കേജുമുണ്ട്. ചോറിന്റെ കാര്യത്തിൽ അഭിരുചികൾ പലതായതാണ് പ്രശ്‌നം. ചിലർക്ക് ചുവന്ന ചോറാണെങ്കിൽ മറ്റുചിലർക്ക് വലിയ അരിയായ ജയയുടെ ചോറാണിഷ്ടം. ഈ സദ്യയിൽ സാമ്പാർ, രസം, തൈര്, കാളൻ, അവിയൽ, തോരൻ, പച്ചടി, മാങ്ങാക്കറി, നാരങ്ങാക്കറി, പുളയിഞ്ചി, പഴം, നാലുകൂട്ടം ഉപ്പേരി, മുളക് കൊണ്ടാട്ടം, രണ്ട് പായസം എന്നിവയുണ്ട്. പായസം മാത്രമായും വാങ്ങാം.
വിലയിൽ മാറ്റമില്ല
പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വിലകൂടിയിട്ടും ഓണസദ്യക്ക് കാര്യമായ വർദ്ധന വരുത്തിയിട്ടില്ലെന്ന് കാറ്ററിംഗുകാർ പറയുന്നു. കഴിഞ്ഞതവണത്തേക്കാൾ ബുക്കിംഗ് കൂടുന്നുണ്ട്. തിരക്ക് കൂടിയതിനാൽ വ്യാഴാഴ്ചയോടെ ബുക്കിംഗ് അവസാനിപ്പിക്കാനാണ് സാദ്ധ്യത. ഡിമാൻഡ് ഏറിയതിനാൽ പ്രമുഖ കേറ്ററിംഗ് സ്ഥാപനങ്ങൾ ദിവസങ്ങൾക്ക് മുമ്പേ സദ്യ ബുക്കിംഗ് നിറുത്തി. വയനാട് ദുരന്തത്തെ തുടർന്ന് സർക്കാർ ഓണാഘോഷങ്ങൾ ഇല്ലാതിരുന്നിട്ടും ഓർഡറുകൾക്ക് ഒരു കുറവുമില്ല. 12, 13 തീയതികളിലാണ് ഓഫീസുകളിലും മറ്റും ഓണാഘോഷം നടക്കുക .
പായസം വില
(ലിറ്ററിന് ഏകദേശം)
• പഴപ്രഥമൻ 315
• പാലട 294
• ഗോതമ്പ് പായസം 273
• പരിപ്പ് പ്രഥമൻ 273
ഇക്കുറി ഓണസദ്യയ്ക്ക് വലിയ ഡിമാൻഡാണ്. 15 ദിവസം മുമ്പ് ബുക്കിംഗ് നിറുത്തി. അന്വേഷണങ്ങൾ തുടരെ വരുന്നുണ്ട്.
എ.എസ്.മഹാദേവ അയ്യർ
വിനായക കേറ്ററേഴ്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |