
കൊച്ചി: ദേശീയ ബാസ്കറ്റ് ബാൾ താരത്തിന് ഹൈജമ്പിൽ ഒന്നാം സ്ഥാനം! മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ നൈജൽ ജേക്കബ് ആണ് സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്‌ലറ്റിക് മീറ്റിൽ ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയത്. അണ്ടർ 17 വിഭാഗത്തിലാണ് നൈജൽ ഒപ്പമുള്ളവരെ തകർത്ത് സ്വർണം നേടിയത്.
മുൻ വോളിബാൾ താരവും സ്പോർട്സ് കൗൺസിലിന്റെ വോളിബാൾ കോച്ചുമായ പിതാവ് ജേക്കബ് ജോസിന്റെ ചുവടുപിടിച്ചാണ് നൈജൽ സ്പോർട്സിലേക്ക് തിരിഞ്ഞത്. പന്ത്രണ്ടാം വയസ് മുതൽ ബാസ്ക്കറ്റ്ബാൾ കളിക്കുന്ന ഈ മിടുക്കൻ ഹൈജമ്പിനെയും ജാവലിൻ ത്രോയെയും ഇഷ്ട ഇനങ്ങളായി ഒപ്പം കൂട്ടി. കഴിഞ്ഞ വർഷമാണ് ദേശീയ ബാസ്കറ്റ് ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പോണ്ടിച്ചേരിയിൽ ആയിരുന്നു ആദ്യ മത്സരം.
ഒമ്പതാം ക്ലാസ് മുതൽ ഹൈജമ്പ് മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായ നൈജൽ കഴിഞ്ഞവർഷം നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ കായികമേളയിൽ ഹൈജമ്പിൽ രണ്ടാം സ്ഥാനം നേടി. മുൻപ് സഹോദയ കായികോത്സവങ്ങളിലും ഹൈജമ്പിൽ ഈ 16കാരൻ മികച്ച നേട്ടം കൊയ്തിരുന്നു. ഇത്തവണ ഹൈ ജമ്പിന് പുറമേ ജാവലിൻ ത്രോയിലും മത്സരിക്കുന്നുണ്ട്.
ദേശീയ ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നൈജൽ ഈ വർഷം നവംബറിൽ കൊൽക്കത്തയിൽ നടക്കുന്ന ദേശീയ ബാസ്ക്കറ്റ്ബാൾ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്. വാഴക്കുളം സ്വദേശിയായ ടീനയാണ് മാതാവ്. റോബിൻ ജേക്കബ് സഹോദരനും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |