
കൊച്ചി: യു.എ.ഇയിൽ നിന്നെത്തിയ യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആശങ്ക. എറണാകുളം മുളന്തുരുത്തി സ്വദേശിക്കാണ് രോഗം. എയർപോർട്ടിലെ പരിശോധനയിൽ യുവാവിന് രോഗലക്ഷണങ്ങൾ കണ്ടിരുന്നു. തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. യുവാവ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗ സ്ഥിരീകരണം വന്നതോടെ കരുതലോടെ നീങ്ങുകയാണ് ജില്ലയിലെ ആരോഗ്യവിഭാഗം. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമുള്ള മുൻകരുതലുകളും സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് ഐസൊലേഷൻ വാർഡുകളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിൽ സ്ക്രീനിംഗ്
കേന്ദ്ര മാനദണ്ഡ പ്രകാരം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ക്രീനിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ നടത്തിയ സ്ക്രീനിംഗിന് ശേഷമാണ് യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പുതിയ കേസ് സ്ഥിരീകരിച്ച ശേഷം വിമാനത്താവള അധികൃതർക്ക് പ്രത്യേക നിർദേശങ്ങളൊന്നും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല. അത് ലഭിക്കുന്ന മുറയ്ക്ക് മറ്റു ക്രമീകരണങ്ങൾ ആവശ്യമെങ്കിൽ സജ്ജമാക്കും. യുവാവ് എത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരുടെ കാര്യത്തിൽ എന്തു വേണമെന്നും സർക്കാർ നിർദേശം വന്നിട്ടില്ല.
എം പോക്സ്
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായിരുന്നു ആരംഭ സമയത്ത് എംപോക്‌സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ടെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
രോഗ പകർച്ച
വായുവിലൂടെ പകരില്ല
രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, സ്പർശനം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക തുടങ്ങിയവയിലൂടെയാണ് പ്രധാനമായും പകരുക.
ലക്ഷണങ്ങൾ
പനി
തീവ്ര തലവേദന
നടു-പേശി വേദന
ഊർജക്കുറവ് എന്നിവ പ്രാരംഭ ലക്ഷണങ്ങൾ .
പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |