
കൊച്ചി: 2021 ജനുവരി മുതൽ 2024 സെപ്തംബർ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി നേരിട്ടത് 24 സ്‌കൂൾ അദ്ധ്യാപകർ. ഏഴ് പേർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയ തിരുവനന്തപുരമാണ് മുന്നിൽ. ഇടുക്കി, പാലക്കാട്, കാസർകോട്, വയനാട് എന്നിവിടങ്ങളിൽ ഓരോരുത്തർ മാത്രം.
വകുപ്പുതല അന്വേഷണം, നിർബന്ധിത അവധിയെടുപ്പിക്കൽ തുടങ്ങിയവ മാത്രമാണ് ഇവർക്കെതിരെ സ്വീകരിച്ചത്.
എൽ.പി, യു.പി വിഭാഗങ്ങളിൽ അഞ്ചുവീതം അദ്ധ്യാപകർക്കെതിരെയും ഹൈസ്‌കൂൾ വിഭാഗത്തിൽ 12 പേർക്കെതിരെയും ഡയറ്റ് ലക്ചറർമാരായ രണ്ടു പേർക്കെതിരെയുമാണ് നടപടി. ഇതിനു പുറമേ രക്ഷകർത്താക്കളുടെ പരാതിയിൽ ഏഴ് പേർക്കെതിരെയും സ്വകാര്യ ട്യൂഷൻ-പി.എസ്.സി ക്ലാസ് എടുത്തതിന് ആറ് പേർക്കെതിരെയും നടപടിയുണ്ടായി.
സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ കുടുങ്ങിയ 52 അദ്ധ്യാപകർക്കെതിരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തലത്തിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്.
കാക്കനാട് സ്വദേശി രാജു വാഴക്കാല സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സൂപ്രണ്ട് (വിജിലൻസ് സെക്ഷൻ) നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
നടപടിയെടുക്കാത്തവരും പട്ടികയിൽ
പലർക്കെതിർക്കെതിരെ ഇതുവരെ അന്വേഷണ റിപ്പോർട്ടുപോലും സമർപ്പിച്ചിട്ടില്ല. പ്രാഥമിക നടപടിയുടെ കാലാവധി കഴിഞ്ഞവർ സർവീസിൽ തുടരുന്നുമുണ്ട്. കുറ്റംചെയ്തെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ച ചില അദ്ധ്യാപകർക്കെതിരെയും നടപടിയുണ്ടായിട്ടില്ല. കുറ്റംചെയ്‌തെന്ന് കണ്ടെത്തിയാൽ സസ്പെൻഷനും സ്ഥലംമാറ്റവും ഉൾപ്പെടെ വകുപ്പുതല നടപടി വേണമെന്നിരിക്കെയാണിത്.
നടപടിയെടുത്ത പരാതികൾ
വിദ്യാർത്ഥികളെ വടികൊണ്ട് അടിക്കൽ
മോശം പെരുമാറ്റം
രക്ഷകർത്താക്കളുടെ പരാതി
സ്വകാര്യ ട്യൂഷൻ
പി.എസ്.സി കോച്ചിംഗ് സെന്ററിൽ ക്ലാസെടുക്കൽ
സ്‌കൂൾ ഭരണത്തിലെ ക്രമക്കേട്
ക്വാർട്ടേഴ്സ് ഒഴിയാതിരിക്കൽ
നടപടിയെടുത്ത അദ്ധ്യാപകരുടെ എണ്ണം ജില്ല തിരിച്ച്
(നാല് ജില്ലകളിൽ ഇത്തരം നടപടികളില്ല)
തിരുവനന്തപുരം----7
കൊല്ലം----2
പത്തനംതിട്ട----2
ഇടുക്കി----1
തൃശൂർ----3
പാലക്കാട്----1
മലപ്പുറം----2
കോഴിക്കോട്----4
വയനാട്----1
കാസർകോട്----1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |