
കൊച്ചി: സീപോർട്ട്- എയർപോർട്ട് റോഡ് എൻ.എ.ഡി മഹിളാലയം ഭാഗത്തിന്റെ നിർമ്മാണത്തിനുള്ള വിജ്ഞാപനം ഉടൻ. റോഡ് നിർമ്മാണത്തിലുണ്ടായിരുന്ന തടസങ്ങൾ പൂർണമായി പരിഹരിച്ചതായി മന്ത്രി പി. രാജീവ് പറഞ്ഞു. 588.11 കോടി രൂപ പദ്ധതിക്കായി ആർ.ബി.ഡി.സിക്ക് കൈമാറി. സ്ഥലമുടമകളുടെ ഹിയറിംഗിനുള്ള നടപടികളും വേഗത്തിൽ പൂർത്തിയാക്കും.
എച്ച്.എം.ടി, എൻ.എ.ഡി. ഭൂമി പദ്ധതിക്കു ലഭ്യമാക്കുന്നതിനായി വലിയ പ്രയത്‌നം വേണ്ടി വന്നു. തടസങ്ങൾ പരിഹരിച്ചതിനെത്തുടർന്ന് എച്ച്.എം.ടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവയ്ക്കേണ്ട 18,77,27000 രൂപ സർക്കാർ നവംബർ 22ന് അനുവദിച്ചു. രണ്ടാംഘട്ട നിർമ്മാണത്തിനായി എച്ച്.എം.ടിയുടെ 1.6352 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എൻ.എ.ഡിയുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടൻ അനുവദിക്കും.
കളമശേരി എച്ച്.എം.ടി റോഡ് മുതൽ എയർപോർട്ട് (14.4 കി.മി) വരെയാണ് രണ്ടാംഘട്ടം നടക്കുന്നത്. എൻ.എ.ഡിയിൽ നിന്ന് 21434 സ്‌ക്വയർ മീറ്റർ (529.6 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കഴിഞ്ഞ മാർച്ചിൽ ഭൂമി അനുവദിച്ച് ഉത്തരവായി. ഇതിന് 23, 11,41,299 രൂപയാണു ഭൂമി വില നൽകേണ്ടത്. റോഡ് വീതികൂട്ടലിനും കോമ്പൗണ്ട് ഭിത്തി നിർമ്മിക്കുന്നതിനും ചേർത്ത് ആകെ 32,26,93,114 രൂപയാണ് വേണ്ടത്. ഈ തുക അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നിർമ്മാണം നാല് സ്ട്രക്ചുകളിൽ
1. എച്ച്.എം.ടി മുതൽ എൻ.എ.ഡി വരെയുള്ള ഭാഗം (2.7 കി.മി)
2. എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം (6.5 കി.മി)
3. മഹിളാലയം മുതൽ ചൊവ്വര വരെ (1.015 കി.മി)
4. ചൊവ്വര മുതൽ എയർപോർട്ട് റോഡ് വരെ (4.5 കി.മി).
തുടർനടപടി വേഗത്തിൽ
എൻ.എ.ഡി മഹിളാലയം സ്‌ട്രെച്ചിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനുപുറമേ റോഡ് നിർമ്മാണത്തിനു വേണ്ടി വരുന്ന 102 കോടി രൂപക്ക് ഭരണാനുമതി നേരത്തെ നൽകിയിട്ടുണ്ട്. സാങ്കേതികാനുമതി വേഗത്തിലുണ്ടാകും. ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കാൻ 69 കോടി രൂപയാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകേണ്ടത്. മാർച്ച് 15ഓടെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കും. എയർപോർട്ട് വരെ അവസാനഘട്ടം പൂർത്തിയാക്കാൻ സ്ഥലം ഏറ്റെടുക്കലിന് 210 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആർ.ബി.ഡി.സി.കെ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |