
കൊച്ചി: ജനറൽ ആശുപത്രിയിലെത്തുന്ന ഏതൊരാൾക്കും രക്തം സംബന്ധിച്ച ആവശ്യം നിറവേറ്റുക എന്ന ഉദ്ദേശത്തോടെ രക്തദാനത്തിനായി ആപ്പ് തയ്യാറാക്കി ആശുപത്രി അധികൃതർ. ആയിരങ്ങളെ ഉൾക്കൊള്ളാനാകുന്ന വിപുലമായ സംവിധാങ്ങളോടെയാണ് താങ്ക്യു ഡോണർ എന്ന ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് എവിടെയുള്ളവർക്കും പ്ലേ സ്റ്റോറിൽ നിന്ന് താങ്ക് യൂ ഡോണർ ആപ്പ് ഡൗൺലോഡ് ചെയ്യാം. രക്തം, പ്ലേറ്റ്‌ലെറ്റ്, പ്ലാസ്മ എന്നിവയെല്ലാം ഈ ആപ്പിലൂടെ ആശുപത്രിക്ക് ശേഖരിക്കാനാകും.
5000 മുതൽ 7000വരെ യൂണിറ്റ് രക്തം ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ ശേഖരിച്ച് വയ്ക്കാനാകും. രക്തദാനത്തിനായി നിരവധി സംഘടനകളും മറ്റും രംഗത്തുണ്ടെങ്കിലും പലപ്പോഴും ആവശ്യ സമയത്ത് ബ്ലഡ് ബാങ്ക് അധികൃതർ നെട്ടോട്ടമോടേണ്ടി വരും. ഇത് കണക്കിലെടുത്താണ് ആപ്പ് തയാറാക്കിയത്. ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളിൽ ആപ്പ് ലഭ്യമാണ്. ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
ദാതാവിനെ ഓർമ്മിപ്പിക്കാൻ സന്ദേശം
പേരും ഫോൺ നമ്പറും ഇ-മെയിൽ ഐഡിയും ബ്ലഡ് ഗ്രൂപ്പും ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി ആപ്പിൽ അക്കൗണ്ട് ആരംഭിക്കാം. അപ്പോൾ മുതൽ രക്തദാനത്തിനുള്ള സന്ദേശമെത്തും. ഒരിക്കൽ ആശുപത്രിയിലെത്തി രക്തദാനം നടത്തിയാൽ അതുൾപ്പെടെയുള്ള വിവരങ്ങൾ ആപ്പിൽ ഫീഡ് ചെയ്യപ്പെടും. കൃത്യം മൂന്ന് മാസം തികയുമ്പോൾ അടുത്ത രക്തദാനത്തിനുള്ള സമയമായെന്ന ഓർമ്മപ്പെടുത്തൽ നോട്ടിഫിക്കേഷനായെത്തും. ആശുപത്രിക്ക് രക്തം ആവശ്യമുള്ളപ്പോൾ അതത് ഗ്രൂപ്പുകാർക്ക് ഇ-മെയിൽ ആയും ടെക്സ്റ്റ് മെസേജ് ആയും സന്ദേശമെത്തും. ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽ നിന്ന് 50,000രൂപ മുടക്കിൽ തയാറാക്കിയ ആപ്പ് ആർ.ത്രീ ഇൻഫോ സൊല്യൂഷൻസാണ് തയാറാക്കിയത്.
ആപ്പിലൂടെ വിവിധ ബ്ലഡ് ഗ്രൂപ്പുകാരുടെ ഗ്രൂപ്പ് സജ്ജമാക്കാം
കോളേജുകൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവയെ ആപ്പുമായി ബന്ധിപ്പിച്ച് ഔട്ട് റീച്ച് ക്യാമ്പുകൾ സജ്ജമാക്കാം.
ബ്ലഡ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ സജ്ജീകരിച്ച് കേന്ദ്രീകൃത ഡയറക്ടറി സജ്ജമാക്കും.
രക്തദാനവുമായി ബന്ധപ്പെട്ട് നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് തയാറാക്കുന്നത്.
ഡോ. ഷഹീർ ഷാ
സൂപ്രണ്ട്,
എറണാകുളം ജനറൽ ആശുപത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |