SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

കമ്പനികളുടെ ലോൺ വാഗ്ദാനം: ഫോൺകാളുകൾക്ക് വിലക്ക്

phone

കൊച്ചി: ലോൺ വാഗ്ദാനം ചെയ്ത് നിരന്തരമായി ഫോണിലൂടെ ബുദ്ധിമുട്ടിച്ച ഫിനാൻസ് കമ്പനിയുടെ നടപടി വിലക്കി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം പനമ്പള്ളി നഗർ സ്വദേശിയായ നിഥിൻ രാമകൃഷ്ണൻ, ബജാജ് ഫിൻസർവിന്റെ നിരന്തരവും അനാവശ്യവുമായ കോളുകളിൽ മന:സമാധാനം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

അഞ്ച് വർഷമായി ബജാജ് ഫിൻസർവ് നിരന്തരം കോളുകൾ ചെയ്ത് വായ്പ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ നിർബന്ധിക്കുന്നു. നിരവധി തവണ അഭ്യർത്ഥിച്ചിട്ടും ഡി.എൻ.ഡി. ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും കോളുകൾ തുടരുന്നു. ഇത് പരാതിക്കാരന്റെ അക്കാഡമിക്, അന്തർദേശീയ സംഘടനാ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

 സ്വകാര്യതയുടെ ലംഘനം

ജോലി സമയത്ത് പരാതിക്കാരനെ ആവർത്തിച്ച് വിളിക്കുന്നത് അദ്ദേഹത്തിന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും കമ്മിഷൻ പ്രസിഡന്റ് ഡി.ബി.ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. ബജാജ് ഫിൻസർവ് ഉടൻ പരാതിക്കാരനുള്ള എല്ലാ അനാവശ്യ കോളുകളും നിർത്തിവയ്ക്കണമെന്നും കോടതി ഉത്തരവായി. നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിൽ കോടതി മാർച്ച്‌ നാലിന് തുടർവാദം കേൾക്കും.

അനാവശ്യശല്യം അധാർമ്മിക വ്യാപാരരീതി

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനാവശ്യമായ അലോസരം ഉണ്ടാക്കുന്ന വ്യാപാര പ്രവർത്തനങ്ങളെ അധാർമിക വ്യാപാര രീതിയായി നിർവചിക്കുന്നുണ്ട്. നിറുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നിരന്തരമായ അനാവശ്യ കോളുകൾ ഉണ്ടാകുന്നത് ഈ വ്യവസ്ഥയുടെ പരിധിയിലാണ്. സാധനങ്ങളോ സേവനങ്ങളോ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അലോസരം വരുത്തുന്നതിനെ നിരോധിക്കുന്നതോടൊപ്പം, ഉപഭോക്തൃ കമ്മിഷനുകളെ അത്തരം കേസുകളിൽ നടപടി സ്വീകരിക്കാൻ നിയമം അധികാരപ്പെടുത്തുന്നു. സ്വകാര്യത അടിസ്ഥാന അവകാശമാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. അഞ്ജലി അനിൽ കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL