SignIn
Kerala Kaumudi Online
Friday, 23 October 2026 6.17 AM IST

പഞ്ചായത്ത് അംഗത്തെ വൈസ് പ്രസിഡന്റ് മർദ്ദിച്ചതായി പരാതി

nisar

പള്ളിക്കര: കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിമിനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് ഔസേഫ് കൈയേറ്റം ചെയ്തതായി പരാതി. പഞ്ചായത്ത് സ്ഥിരം സമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നിസാർ ഇബ്രാഹിം. പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെച്ച നടപടിയെ കമ്മിറ്റിയിൽ ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംഗത്തെ അകാരണമായി കൈയേറ്റം ചെയ്തതെന്നാണ് പരാതി. നിസാറിനെ കുമാരപുരം പ്രാഥമിക കേന്ദ്രത്തിലും തുടർന്ന് പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പേപ്പർ വെയ്റ്റ് ഉപയോഗിച്ച് നെഞ്ചിൽ ശക്തമായി ഇടിച്ചെന്ന് നിസാർ പൊലീസിന് മൊഴി നൽകി.

പഞ്ചായത്തീ രാജ് നിയമപ്രകാരം അംഗത്തെ അയോഗ്യനാക്കണമെങ്കിൽ മൂന്ന് കമ്മിറ്റികളിൽ തുടർച്ചയായി പങ്കെടുക്കാതിരിക്കണം. സ്വകാര്യ ആവശ്യങ്ങൾക്കായി വിദേശത്ത് പോയിരുന്ന നിസാർ കഴിഞ്ഞ രണ്ട് കമ്മിറ്റിയിൽ പങ്കെടുത്തിരുന്നില്ല. മൂന്നാമത്തെ കമ്മിറ്റിയിൽ പങ്കെടുക്കാതിരിക്കാൻ നടത്തിയ ഗൂഢ നീക്കമാണ് അക്രമത്തിൽ കലശിച്ചതെന്ന് പരാതിയിൽ പറയുന്നു. കുന്നത്തുനാട്ടിൽ ഉദ്യോഗസ്ഥരും ഭരണസമിതിയും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഇതിൽ പ്രതിഷേധിച്ച് നേരത്തെ ജീവനക്കാർ പണിമുടക്കിയിരുന്നു. പഞ്ചായത്തംഗത്തെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു. കുന്നത്തുനാട് എം.എൽ.എ അഡ്വ.പി.വി ശ്രീനിജിൻ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. എന്നാൽ കൈയേറ്റം നടന്നുവെന്നത് അടിസ്ഥാനരഹിതമാണെന്നും വാക്ക് തർക്കം മാത്രമാണുണ്ടായതെന്നും വൈസ് പ്രസിഡന്റ് റോയ് ഔസേഫ് പറഞ്ഞു. സംഭവമറിഞ്ഞ് ട്വന്റി 20, സി.പി.എം പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ തടിച്ച് കൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു . രാവിലെ ഓഫീസിലെത്തിയ വൈസ് പ്രസിഡന്റിനെ പുറത്തിറക്കില്ലെന്ന് സി.പി.എം പ്രവർത്തകർ നിലപാട് എടുത്തു. വൈകിട്ട് 5ന് കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ വാഹനത്തിൽ പുറത്തേക്ക് കൊണ്ട് പോയതോടെയാണ് സംഘർഷാവസ്ഥ അയഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL