
കൊച്ചി: എം.ടി. വാസുദേവൻ നായരുടെ കഥകളിലും തിരക്കഥകളിലും കൊച്ചി നഗരം കടന്നുവന്ന അവസരങ്ങൾ വിരളമെങ്കിലും എം.ടി. കൊച്ചിയുടേതു കൂടിയാണ്. ചങ്ങമ്പുഴയും ഇടപ്പള്ളിയും ജിയും അക്ഷരവെളിച്ചം തെളിച്ച നാട്. എഴുത്തിനെ ആരാധിച്ചിരുന്ന പരിവർത്തന കാലഘട്ടമാണ് പിന്നീട് കടന്നുവന്നത്. അക്കാലത്ത് ഇവിടുത്തെ യുവതയുടെയും മനസിൽ കുടിയിരുന്നതാണ് എം.ടിയെന്ന ഇനീഷ്യൽ.
സമസ്ത കേരള സാഹിത്യ പരിഷത്തടക്കമുള്ള വേദികളും പുസ്തകമേളകളുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പ്രഭാഷണപരമ്പരകൾ എം.ടി. സ്ഥിരസാനിദ്ധ്യമായിരുന്നു. അവിടേയ്ക്ക് അനിതരസാധാരണമായ സാഹിത്യനിരീക്ഷണങ്ങളുമായി എം.ടി കടന്നുവന്നു. അപൂർവമായെങ്കിലും, പുതിയ വ്യാഖ്യാനങ്ങളുമായി ലോക ക്ലാസിക്കുകൾ മുതൽ മലയാളം മാസ്റ്റർപീസുകൾ വരെയുള്ള യാത്രകളായിരിക്കും എം.ടിയുടെ മിക്ക പ്രഭാഷണങ്ങളും. അത് കേൾക്കാൻ നഗരത്തിരക്കുകൾ നൂഴ്ന്നിറങ്ങി ആൾക്കൂട്ടം ഒഴുകയെത്തിയിരുന്നു.
എഴുത്തിന്റെ കുലപതിക്ക് പ്രണാമം അർപ്പിച്ച് നടൻ മമ്മൂട്ടി കുറിച്ചത് ഹൃദയസ്പർശിയായ വരികളാണ്. നാലഞ്ച് മാസം മുമ്പ് ഒരു പരിപാടിയിൽ എം.ടിക്ക് കാലിടറിയപ്പോൾ താങ്ങായതിനേക്കുറിച്ച്, നെഞ്ചോടുചേർത്തതിനേക്കുറിച്ച്. അന്ന് നെഞ്ചിൽ ചാഞ്ഞ് നിന്നപ്പോൾ ആ മനുഷ്യന്റെ മകനാണ് താനെന്ന് തോന്നിപ്പോയി എന്നാണ് മമ്മൂട്ടി അനുസ്മരിച്ചത്. മമ്മൂട്ടി പറഞ്ഞ ഇതേ ചടങ്ങാണ് കൊച്ചിയിൽ എം.ടി. പങ്കെടുത്തതിൽ അവസാനത്തേത്. എം.ടിയുടെ ഒമ്പത് ചെറുകഥകൾ ആധാരമാക്കി ഒരുക്കിയ വെബ് സീരീസായ 'മനോരഥങ്ങ'ളുടെ റിലീസുമായി ബന്ധപ്പെട്ടാണ് കൊച്ചിയിലെത്തിയത്. അദ്ദേഹത്തിന്റെ നവതിയാഘോഷവും ഇതോടനുബന്ധിച്ചു ചടങ്ങ്. പിറന്നാൾ കേക്ക് മുറിച്ചശേഷം മാറുന്നതിനിടെയാണ് എം.ടിക്ക് കാലിടറിയതും മമ്മൂട്ടിയുടെ നെഞ്ചിൽ ചാഞ്ഞതും.
എം.ടിയുടെ രചനയിൽ പല പ്രൗഢ കഥാപാത്രങ്ങളെയും അവതരിപ്പിച്ച താരമാണ് മമ്മൂട്ടി.
അക്കാലത്ത് എം.ടി. കൊച്ചിയിൽ വന്നാൽ തങ്ങുന്നത് ദർബാർ ഹാൾ റോഡിലെ ഭാരത് ടൂറിസ്റ്റ് ഹോമിലാണ്. സിനിമയിൽ ചുവടുറപ്പിക്കാൻ വെമ്പിയ പി.ഐ. മുഹമ്മദ്‌കുട്ടിയെന്ന ചെറുപ്പക്കാരൻ, എഴുത്തുകാരനായ സുഹൃത്തിനൊപ്പം എം.ടിയെ അവിടെ വച്ച് കണ്ടു. 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഒരവസരം നൽകി. അന്ന് എം.ടിയുടെ മനസിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കണം ആ നടന്റെ രൂപമെന്ന് മമ്മൂട്ടിയുടെ സമകാലികർ പറയുന്നു.
നവതിയിലെത്തിയപ്പോൾ കൊച്ചിയുടെ സ്നേഹമധുരം ആവോളം ആസ്വദിച്ച ശേഷമാണ് എം.ടി. നാട്ടിലേക്ക് മടങ്ങിയത്. കൊച്ചിയുടെ സിനിമാ, സാഹിത്യ മനോരഥങ്ങളിൽ എം.ടി. വാസുദേവൻ നായർ തുടരും, മരണമില്ലാതെ...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |