
കൊച്ചി: നാളെ ആരംഭിക്കുന്ന സംസ്ഥാന കലോത്സവത്തിന് ഇത്തവണ എറണാകുളം കച്ചമുറുക്കുന്നത് മിന്നും പോരാട്ടത്തിലൂടെ നില മെച്ചപ്പെടുത്താൻ. 762 അംഗ ടീമാണ് ജില്ലയ്ക്കായി തലസ്ഥാനത്തേയ്ക്ക് വണ്ടി കയറുന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 356, ഹയർ സെക്കൻഡറിയിൽ നിന്ന് 300 കുട്ടികളാണ് ടീമിലുള്ളത്. അറബിക് കലോത്സവത്തിന് 38, സംസ്കൃത കലോത്സവത്തിന് 68 കുട്ടികളും പങ്കെടുക്കും.
ആകെയുള്ള 14 ൽ എറണാകുളം, ആലുവ, തൃപ്പൂണിത്തുറ എന്നീ ഉപജില്ലകളിൽ നിന്നാണ് കൂടുതൽ കുട്ടികൾ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കുക.
കല്ലൂർക്കാട് ഉപജില്ലയിൽ നിന്നാണ് കുറവ് കുട്ടികൾ. കഴിഞ്ഞ തവണ അഞ്ചും അതിന് മുമ്പത്തെ തവണ നാലും സ്ഥാനങ്ങളിലായിരുന്ന എറണാകുളത്തിന് ഇത്തവണ നില മെച്ചപ്പെടുത്താനുള്ള അഭിമാന പോരാട്ടമാണ്.
ചവിട്ടു നാടകം, നാടകം, നൃത്തയിനങ്ങൾ തുടങ്ങിയവയിലാണ് ജില്ലയുടെ പ്രതീക്ഷകൾ അത്രയും. ആകെയുള്ള മത്സര ഇനങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ജില്ലയിൽ നിന്ന് പ്രാതിനിധ്യമില്ലാത്തത്. ടീം മാനേജർ ആനന്ദിന്റെ നേതൃത്വത്തിൽ 10 അംഗ ഒഫീഷ്യലുകളാണ് എറണാകുളം ജില്ലാ ടീമിന് നേതൃത്വം നൽകുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |