SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 AM IST

കേരളത്തിലെ തിയേറ്ററുകളെ വിടാതെ 'പൈറസി മാഫിയ' !

piracy

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തിയ 'മാർക്കോ" ചോർത്തിയത് കേരളത്തിലെ തിയേറ്ററിൽ നിന്നെന്ന് കണ്ടെത്തൽ. അതീവ സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടും നടന്ന 'പകർത്തലിൽ' സൈബർ പൊലീസും അമ്പരപ്പിലാണ്. ഇൻസ്റ്റാഗ്രാം വഴി മാർക്കോയുടെ വ്യാജപതിപ്പിന്റെ ലിങ്ക് പ്രചരിപ്പിച്ച കേസിലെ തുടരന്വേഷണത്തിലാണ് കണ്ടെത്തൽ. വ്യാജ പതിപ്പ് പ്രചരിപ്പിച്ച ടെലിഗ്രാം ചാനൽ പൂട്ടിച്ചു.

ഡിസംബർ 27നാണ് സിനിമയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് പ്രചരിപ്പിച്ച കേസിൽ ആലുവ സ്വദേശിനിയായ ബി.ടെക് വിദ്യാർത്ഥി പിടിയിലായത്. മാർക്കോയുടെ നിർമ്മാതാക്കളുടെ പരാതിയിലായിരുന്നു അറസ്റ്റ്. തിയേറ്ററിൽ നിന്ന് സിനിമ പകർത്തിയതല്ലെന്നും കൂട്ടുകാരൻ നൽകിയ ലിങ്ക് ഇൻസ്റ്റാഗ്രാം റീച്ചിന് വേണ്ടി റീൽ ചെയ്തതെന്നുമായിരുന്നു വിദ്യാർത്ഥിയുടെ മൊഴി.

ലിങ്ക് കൈമാറിയ സുഹൃത്ത് ഒളിവിലാണ്. ഇയാളുടെ പേരുവിവരങ്ങളും മറ്റും ശേഖരിച്ചിട്ടുണ്ട്. വൈകാതെ അറസ്റ്റുണ്ടാകും. നേരത്തെ അറസ്റ്റിലായ പൈറസി മാഫിയകൾക്ക് ചോർത്തലുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

 അഞ്ച് പരാതി മാത്രം
കഴിഞ്ഞ വർഷം തിയേറ്റർ റിലീസായ ബഹുഭൂരിഭാഗം സിനിമകളുടെ വ്യാജ പതിപ്പുകൾ പുറത്തുവന്നെങ്കിലും പരാതിപ്പെട്ടത് അഞ്ച് നിർമ്മാതാക്കൾ മാത്രം. ഗുരുവായൂർ അമ്പലനടയിൽ, എ.ആർ.എം, ആടുജീവിതം തുടങ്ങിയ ചിത്രങ്ങളാണ് നിയമ നടപടികളുമായി മുന്നോട്ട് വന്നത്. എല്ലാം പരാതികളിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

 ശാസ്ത്രീയ പരിശോധന

പ്രചരിച്ച മാർക്കോയുടെ വ്യാജ പതിപ്പ് സൈബർ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ നിന്നുമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ ഒന്നിൽ നിന്നാണ് പകർത്തിയതാണെന്ന് വ്യക്തമായത്. സംഭവത്തിൽ അഞ്ച് തിയേറ്ററുകളിൽ പൊലീസ് പരിശോധന നടത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. പ്രത്യേകരീതിയിൽ വസ്ത്രംധരിച്ചെത്തിയാണ് സംഘം സിനിമകൾ പകർത്തുന്നതെന്നാണ് കണ്ടെത്തൽ.

വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന ടെലിഗ്രാം ചാനലുകൾ നിരവധിയുണ്ട്. ഇവയ്‌ക്കെതിരെ നടപടി സ്വീകരിക്കും. കേസുകൾ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. തുടർച്ചയായുള്ള അറസ്റ്റുകളിൽ മാഫിയയുടെ പ്രവർത്തനം കുറഞ്ഞിട്ടുണ്ട്. സിനിമ പകർത്താൻ കഴിയാത്തവിധം ക്രമീകരണങ്ങൾ സജ്ജമാക്കും.

സൈബർ പൊലീസ്

കൊച്ചി സിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL