
കൊച്ചി: യു.എ.ഇ കോടതികളുടെ വിധികൾ ഇന്ത്യയിലും നടപ്പാക്കാമെന്ന ഉടമ്പടി മറ്റുമതസ്ഥരായ പ്രവാസി ഇന്ത്യക്കാരെ വെട്ടിലാക്കുന്നു.
യു.എ.ഇയിലെ എല്ലാ കോടതികളും ശരീഅത്ത് നിയമപ്രകാരമാണ് പ്രവർത്തിക്കുന്നത്. ശരീഅത്ത് കോടതികളുടെ വാറണ്ടുകളും മറ്റും ചോദ്യം ചെയ്ത് ഇസ്ലാം ഇതര മതസ്ഥർ നാട്ടിലെ ഹൈക്കോടതികളെ സമീപിക്കുകയാണ്. വിവാഹമോചനവും സ്വത്തുതർക്കവുമായി ബന്ധപ്പെട്ട കേസുകളാണ് ഏറെയും.
വിവാഹം, വിൽപത്രം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഇന്ത്യയിലെ വ്യക്തിനിയമപ്രകാരം വാദിക്കാൻ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അവസരം ലഭിക്കുമെങ്കിലും പ്രത്യേകം ആവശ്യപ്പെടാത്തപക്ഷം ശരീഅത്ത് പ്രകാരമായിരിക്കും പരിഗണിക്കുന്നതെന്ന് ദുബായിലെ ലീഗൽ കൺസൾട്ടന്റായ ബിമൽ നായർ വിശദീകരിച്ചു.
നടപടികൾ അറബിയിലായതിനാൽ, കക്ഷികളുടെ അജ്ഞതകൊണ്ടും കേസുകൾ ശരീഅത്തിലേക്ക് പോകുന്നു.
11 രാജ്യങ്ങളുമായി ഉടമ്പടി
#വിദേശ കോടതികളുടെ ഉത്തരവുകൾ ഇന്ത്യയിലും, ഇന്ത്യയിലെ ഉത്തരവുകൾ വിദേശത്തും നടപ്പാക്കുന്നതിന് സിംഗപ്പൂർ, യു.കെ, ന്യൂസിലൻഡ്, യു.എ.ഇ തുടങ്ങി 11 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഉടമ്പടിയുണ്ട്.ഇതു പ്രകാരം ഈ രാജ്യങ്ങളെ റെസിപ്രൊക്കേറ്റിംഗ് ടെറിട്ടറി ആയി
ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്.
# 2020ലാണ് യു.എ.ഇയെ റെസിപ്രൊക്കേറ്റിംഗ് ടെറിട്ടറി ആയി അംഗീകരിച്ചത്. മുൻകാല പ്രാബല്യം നൽകിയിട്ടില്ലെങ്കിലും അതിനു മുമ്പുളള കേസുകളുടെ വാറണ്ടുകളും പ്രവാസികൾക്ക് ലഭിച്ചിട്ടുണ്ട്.അതിനെതിരെയും ഹൈക്കോടതിയിൽ കേസുണ്ട്.
ശരീയത്ത്കോടതിയുടെ വാറണ്ട്,
വന്നത് കാസർകോട് പൊലീസ്
ഹിന്ദു ദമ്പതികളുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് ഷാർജ ശരീയത്ത് കോടതിയുടെ അറസ്റ്റ് വാറണ്ട് കാസർകോട് പൊലീസ് മുഖേനയാണ് എൻജിനീയറായ പ്രവാസിക്ക് ലഭിച്ചത്.
കുഞ്ഞിന് ജീവനാംശം മുടക്കിയെന്ന യുവതിയുടെ ഹർജിയിലാണ് നടപടി.വിസയുള്ള ആർക്കെതിരെയും കേസെടുക്കാമെന്നാണ്നിയമം.
നാട്ടിലായിരുന്ന സമയത്ത് ഭാര്യ ഏകപക്ഷീയമായി നൽകിയ ഹർജിയിലാണ് ശരീഅത്ത് കോടതി കേസെടുത്തതെന്ന് യുവാവ് വാദിക്കുന്നു. യുവാവിന്റെ ഹർജി പ്രകാരം തുടർനടപടികൾ കേരള ഹൈക്കോടതി ജനുവരി 15വരെ സ്റ്റേ ചെയ്തിരിക്കുകയാണ്.
` വിദേശകാര്യ മന്ത്രാലയത്തിനും യു.എ.ഇ കോൺസുലേറ്റിനും ഹൈക്കോടതി നോട്ടീസയച്ചിട്ടുണ്ട്. സമാനമായ ഹർജികൾക്കൊപ്പം വാദം കേൾക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.'
- പ്രവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |