
ആലുവ: ആലുവ അദ്വൈതാശ്രമത്തിൽ പെരിയാറിന് അഭിമുഖമായി പുനർ നിർമ്മിച്ച ധ്യാന മണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവന്റെ വിഗ്രഹ പ്രതിഷ്ഠ ഭക്തിസാന്ദ്രമായി. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ശിവഗിരി മഠത്തിൽ നിന്നെത്തിയ 30ലേറെ സാന്ന്യാസി ശ്രേഷ്ഠന്മാരുടെ സാന്നിദ്ധ്യത്തിലാണ് രാവിലെ 7.45നും എട്ടിനും മദ്ധ്യേ പ്രതിഷ്ഠ നടന്നത്.
തുടർന്ന് മണ്ഡപം നിർമ്മിച്ച് നൽകിയ മെഡിമിക്സ് എം.ഡി ഡോ. എ.വി. അനൂപും കുടുംബാംഗങ്ങളും ചേർന്ന് ധ്യാനമണ്ഡപ സമർപ്പണം നിർവഹിച്ചു. 42 ലക്ഷത്തോളം രൂപയാണ് നിർമ്മാണത്തിനായി ചെലവഴിച്ചത്. ആയിരത്തോളം ഭക്തർ ചടങ്ങിന് സാക്ഷിയായി.
നേരത്തെ ഇവിടെ ഉണ്ടായിരുന്ന ആശ്രമ കെട്ടിടത്തിന്റെ അതേ മാതൃകയിലാണ് കെട്ടിടം പുനർ നിർമ്മിച്ചത്.
ശിവഗിരിയിൽ ശാരദാംബയെ പ്രതിഷ്‌ഠിച്ച ശേഷം ശ്രീനാരായണ ഗുരുദേവൻ മഠത്തിൽ നിന്ന് ഇറങ്ങി ഇനി നമുക്കിരിക്കാൻ മറ്റൊരു ഇടം വേണം എന്ന ചിന്തയിലാണ് 1912ൽ ആലുവയിൽ എത്തിയത്. തുടർന്ന് പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ചു.
ഗുരുദേവ ശിഷ്യനായ നടരാജ ഗുരു ഗുരുവരുൾ എന്ന ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് 'പ്രധാന റോഡിൽ നിന്ന് ഒരു ചെറിയ നടക്കാവിലേക്ക് കടന്നാൽ അത് നേരേ നദിയുടെ വക്ഷസിലേക്ക് ചെന്നു ചേരുന്നു. അവിടെ വലതു വശത്തേക്ക് തിരിയുമ്പോൾ ഒരു ചെറിയ വെള്ള പൂശിയ കെട്ടിടമുണ്ട്.... ഗുരു ആശ്രമത്തിൽ ഉള്ള സമയമാണെങ്കിൽ അവിടുന്ന് അല്പം ഉയർന്ന ഒരു പീഠത്തിൽ നിശ്ചലനായിരുന്ന് നദിയെ അനുദ്വേഗമായി വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടാകും.'
പെരിയാർ നദിക്ക് അഭിമുഖമായി ഉണ്ടായിരുന്നതുമായ ആശ്രമത്തെക്കുറിച്ച് മറ്റ് ജീവചരിത്രങ്ങൾ, ഗുരുദേവ സ്മരണകൾ എന്നിവയിലും രേഖപ്പെടുത്തിയിട്ടുണ്ട്. 1954ൽ ശിവഗിരി മഠത്തിൽ നിന്ന് പ്രസിദ്ധീകരിച്ചതായ ശ്രീനാരായണ ഗുരു ആൽബത്തിൽ ഈ ആശ്രമ കെട്ടിടത്തിന്റെ ഫോട്ടോയുണ്ട്. അതേ മാതൃകയിലാണ് മെഡിമിക്‌സ് മാനേജിംഗ് ഡയറക്ടർ ഡോ. എ.വി. അനൂപ് കെട്ടിടം നിർമ്മിച്ച് സമർപ്പിച്ചത്.
സമർപ്പണ സമ്മേളനത്തിന് മുമ്പായി 35 ഓളം സന്ന്യാസി ശ്രേഷ്ഠന്മാർ പങ്കെടുത്ത യതി പൂജയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |