
കൊച്ചി: മോഹൻലാൽ മുതൽ ടൊവിനോ തോമസ് വരെയുള്ള താരങ്ങളെ ഒന്നാം ക്ലാസിലിരുത്തി അഖിൽ. താരങ്ങളെ എ.ഐ സഹായത്തോടെയാണ് തിരുവനന്തപുരം വെള്ളയമ്പലം സ്വദേശി അഖിൽ വിനായക്. എം (29) സ്കൂൾ കുട്ടികളാക്കി ഇൻസ്റ്റഗ്രാമിൽ റീൽ ഇറക്കിയത്. ആരാധകർ ഏറ്റെടുത്തതോടെ റീൽ വൈറൽ!
സ്വന്തമായി പഠിച്ച എ.ഐ സാങ്കേതിക വിദ്യ അഖിലിന്റെ ജീവിതകഥ തന്നെ മാറ്റി. ഇപ്പോൾ 'കനവ് കഥ"യെന്ന കമ്പനിയുടെ ഉടമയാണ്. സിനിമയുടെ പ്രൊമോഷൻ മുതൽ സ്റ്റോറി ബോർഡ് തയ്യാറാക്കൽ വരെ പല ബിസിനസുകളും കമ്പനി ചെയ്യുന്നു.
കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ബി.എയും യൂറോപ്പ് അക്കാഡമിയിൽ എം.ബി.എയും കഴിഞ്ഞ് കൺസ്ട്രക്ഷൻ കമ്പനിയിലെ ഐ.ടി വിഭാഗത്തിൽ ജോലിയായിരുന്നു അഖിലിന്. എ.ഐയുടെ ഗുണദോഷങ്ങൾ വായിച്ചറിഞ്ഞിരുന്നു. സാഹചര്യമൊത്തപ്പോൾ തനിയേ പഠിച്ചെടുത്തു. 2023 നവംബറിൽ കനവ് കഥ പിറന്നു. വീടായിരുന്നു ആദ്യ ഓഫീസ്.
സിനിമ-പരസ്യ രംഗത്ത് ചുവടുറപ്പിക്കാനുള്ള 'കനവ് കഥ"യുടെ ലക്ഷ്യം തെറ്റിയില്ല. ഇടപാടുകാർ വർദ്ധിച്ചതോടെ എ.ഐ ആർട്ടിസ്റ്റുമാരായ കെ.എസ്. സഫ്‌വാക്ക്, മിഷാൻ ഷാൻ, വോക്കൽ ആർട്ടിസ്റ്റ് താരാസ്വിൻ രുദ്ര എന്നിവരെ ഒപ്പംകൂട്ടി. കേരളത്തിൽ മഞ്ഞുകാലമൊരുക്കിയും മമ്മൂട്ടിയെയും ലാലേട്ടനെയും സൂപ്പർമാനും സ്പൈഡർമാനുമാക്കിയുമുള്ള റീലുകൾ കമ്പനിയുടെ ഇൻസ്റ്റ പേജിൽ ഹിറ്റായി.
പ്രശാന്തിനിലയത്തിൽ മുരളീധരൻ നായർ, ഗീതാകുമാരി എന്നിവരാണ് മാതാപിതാക്കൾ. കൊച്ചിയിൽ ഓഫീസ് തുറക്കാനുള്ള ഒരുക്കത്തിലാണ് അഖിൽ.
സ്കൂൾ ലൈഫ്
മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, ബേസിൽ ജോസഫ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾ സ്കൂളിൽ പഠിക്കുമ്പോഴുള്ള ലുക്കാണ് റീലാക്കിയത്. അഞ്ചു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത റീൽ ലക്ഷക്കണക്കിനുപേർ കണ്ടു, പങ്കുവച്ചു. പലരും സ്റ്റാറ്റസാക്കി. കഴിഞ്ഞദിവസം പുറത്തിറക്കിയ നടിമാരുടെ റീലും വൈറലായി. ഒരോ നടന്റെയും ബാല്യകാലരൂപം അരമണിക്കൂർ കൊണ്ടാണ് ചെയ്തെടുത്തത്. എല്ലാം കോർത്തിണക്കാൻ ഒരുദിവസത്തെ പണി. റീൽസിന് ലഭിച്ച മികച്ച പ്രതിരണത്തിന്റെ ത്രില്ലിലാണ് അഖിൽ.
പുതിയ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ്, അത്മാർത്ഥമായി പരിശ്രമിച്ചാൽ വിജയം ഉറപ്പാണ്.
അഖിൽ വിനായക് എം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |