
കൊച്ചി: ആധുനീകരിക്കുന്നതിന്റെ ഭാഗമായി എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കെട്ടിടം ഉടൻ പൊളിക്കും. ഉത്തരവ് അടുത്തയാഴ്ച ഇറങ്ങും. മന്ത്രിമാരായ പി.രാജീവ്, കെ.ബി. ഗണേഷ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കെ.എസ്.ആർ.ടി.സിയുടെയും വൈറ്റില മൊബിലിറ്റി ഹബിന്റെയും ഉടമസ്ഥതയിലുള്ള ഭൂമി പരസ്പരം വച്ചുമാറാനുള്ള ആലോചന ഉപേക്ഷിച്ചു. ഇതനുസരിച്ച് ധാരണാപത്രത്തിലും മാറ്റം വരുത്തും.
കാരിക്കാമുറിയിലെ ഭൂമിയിൽ 2.9 ഏക്കറാണ് പുതിയ ടെർമിനലിന്റെ നിർമ്മാണത്തിനായി കെ.എസ്.ആർ.ടി.സി നൽകുക. നിർമ്മാണം പൂർത്തിയാകമ്പോൾ പുറത്തേക്കുള്ള വഴിയും ടെർമിനലിന്റെ ഭാഗമാകും. ടെർമിനലിൽ വരുമാന സൃഷ്ടിക്കുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും. വൈറ്റില ടെർമിനലിൽ കെ.എസ്.ആർ.ടി.സിക്ക് ഉപയോഗാവകാശവും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് സൗകര്യങ്ങളും നൽകും. മന്ത്രിമാരെ കൂടാതെ ടി.ജെ. വിനോദ് എം.എൽ.എ, ഗതാഗത വകുപ്പ് സെക്രട്ടറി കെ. വാസുകി, ട്രാൻസ്‌പോർട്ട് കമ്മീഷണർ സി.എച്ച് നാഗരാജു, സ്മാർട്ട് സിറ്റി മിഷൻ സി.ഇ.ഒ ഷാജി വി. നായർ തുടങ്ങിയവർ പങ്കെടുത്തു
പുതിയ ടെർമിനലിൽ
• 6 ബസ് ബേകൾ കെ.എസ്.ആർ.ടി.സിക്ക്
• സ്റ്റേഷൻ മാസ്റ്റർ ഓഫീസ്
• ജീവനക്കാർക്കുള്ള സൗകര്യങ്ങൾ
• ഗാരേജ് മാറ്റി സ്ഥാപിക്കും
• കെ.എസ്.ആർ.ടി.സിക്ക് യൂസർ ഫീയില്ല
12 കോടി
വൈറ്റില ഹബ്ബ് മാതൃകയിൽ കെട്ടിടം നിർമ്മിക്കുന്നതിനാണ് പദ്ധതി. കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. സി.എസ്.എം.എൽ 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
റെയിൽവേ, മെട്രോ സ്റ്റേഷനുകൾ സമീപത്തായതിനാൽ ഹബ്ബ് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.
പി.രാജീവ്
വ്യവസായ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |