
കൊച്ചി: ഭിന്നശേഷി മറന്ന് കലാകാരി എസ്. ദിവ്യ(20) അവതരിപ്പിച്ച മോഹിനിയാട്ട വർണങ്ങൾ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ നൃത്തസന്ധ്യയെ ഭാവദീപ്തമാക്കി. ഭാവങ്ങളെയോ ചുവടുകളെയോ പരിമിതികൾ ബാധിക്കാതെയായിരുന്നു നൃത്തോപാസനയുടെ അരങ്ങിലെ സാക്ഷാത്കാരം. നൂറുകണക്കിന് കലാസ്വാദകരുടെ നിറഞ്ഞ കൈയടികൾ ഏറ്റുവാങ്ങിയായിരുന്നു 85 ശതമാനം ഭിന്നശേഷിയുള്ള കലാകാരിയുടെ ഒരുമണിക്കൂറിലേറെ നീണ്ട പ്രകടനം.
മോഹിനിയാട്ടത്തിൽ അരങ്ങേറ്റമായിരുന്നെങ്കിലും 2018ൽ പറവൂർ അംബേദ്കർ സ്റ്റേഡിയത്തിൽ തുടർച്ചയായി രണ്ടുമണിക്കൂർ ഭരതനാട്യം അവതരിപ്പിച്ചിരുന്നു. മോഹിനിയാട്ടത്തിൽ ഇടപ്പള്ളി നൃത്തവിദ്യാലയത്തിലെ ബി. അമൃതയാണ് ഗുരു. ഏഴു വയസുമുതൽ നൃത്തം അഭ്യസിക്കുന്ന ദിവ്യ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ രണ്ടാംവർഷ ഭരതനാട്യവിദ്യാർത്ഥിയാണ്. വടക്കൻ പറവൂർ പെരുവാരം സ്വദേശി ശങ്കരനാരായണന്റെയും രാജേശ്വരിയുടെയും മകളാണ്.
നൃത്തപരിപാടി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ, കലാമണ്ഡലം പ്രഭാകരൻ, എളമക്കര 39ാം വാർഡ് കൗൺസിലർ അഡ്വ. ദീപ്തി മേരി വർഗീസ്, 38ാം വാർഡ് കൗൺസിലർ ശാന്ത വിജയൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |