
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച, ജുഡീഷ്യൽ കമ്മിഷനെ വരെ നിയോഗിക്കേണ്ട അവസ്ഥയിലേക്ക് സർക്കാരിനെ എത്തിച്ച മുനമ്പം ജനതയുടെ റിലേ നിരാഹാരസമരം ഇന്ന് 100 ദിനം പിന്നിടും. ഭൂമിയിലെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചുകിട്ടാൻ 600ലധികം കുടുംബങ്ങൾ ആരംഭിച്ച സമരപ്പന്തൽ ഇന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന രാപ്പകൽസമരത്തിന് വേദിയാകും.
കടപ്പുറം വേളാങ്കണിമാതാ പള്ളിയങ്കണത്തിലെ പന്തലിൽ രാവിലെ 11ന് സമരം തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ ഉദ്ഘാടനം ചെയ്യും. അസംബ്ളി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവ്വീസസ് (ആക്ട്സ് ) പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ് അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.സി. ജോർജ്, ഫ്രാൻസിസ് ജോർജ് എം.പി, കെ.സി.ബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ, ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ യൂഹനോൻ പോളികാർപ്പോസ് മെത്രപ്പോലീത്ത, സിറിൽ ബസോലിയോസ് മെത്രപ്പോലിത്താ തുടങ്ങിയവർ പങ്കെടുക്കും. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സാണ് രാപ്പകൽ സമരത്തിന് നേതൃത്വം നൽകുന്നത്.
അതേസമയം, മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷനിൽ ഏറെ പ്രതീക്ഷയാണ് തീരദേശവാസികൾക്കും സമരസമിതിക്കുമുള്ളത്. കഴിഞ്ഞ നവംബറിൽ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മിഷൻ മുനമ്പത്തെത്തി ഹിയറിംഗ് നടത്തിയിരുന്നു. അടുത്തമാസം റിപ്പോർട്ട് സർക്കാരിന് കൈമാറും. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് സമരസമിതി മുന്നോട്ട് പോകുന്നത്.
ആയിരങ്ങളുടെ പങ്കാളിത്തം
പ്രാദേശികമായി ആരംഭിച്ച പ്രതിഷേധത്തിന് ജനപിന്തുണ ഏറുകയാണ്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും മറ്റും മുനമ്പത്തെ സമരപ്പന്തലിലേയ്ക്ക് ഐക്യദാർഡ്യവുമായി ഒഴുകിയെത്തി. കേന്ദ്രമന്ത്രി കുര്യൻ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരുൾപ്പെടെ നിരവധിപേർ പന്തലിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
കടലിൽ വീടുവെച്ച് പ്രതിഷേധം
രാപ്പകൽ സമരത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് കടലിൽ വീടുകളുടെ മാതൃക വച്ച് പ്രതിഷേധിക്കും. വർഷങ്ങളായി മുമ്പത്ത് താമസിക്കുന്ന തീരദേശവാസികളുടെ അവസ്ഥ വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് കടലിൽ വീടുവച്ചുള്ള പ്രതിഷേധം. ആയിരങ്ങൾ സമരത്തിൽ ഭാഗമാകുമെന്ന് സമരസമിതി കൺവീനർ അറിയിച്ചു.
സെക്രട്ടറിയേറ്റിലേക്ക് പദയാത്ര
അനിശ്ചിതകാല റിലേ സമരം ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരും വരെ തുടരും. കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ പദയാത്ര നടത്താനാണ് തീരുമാനം. മുനമ്പത്തെ സമരപ്പന്തലിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ 20 പേർ അണിനിരക്കും. ഓരോ കേന്ദ്രത്തിലും സ്വീകരണവും അവിടെ നിന്ന് അടുത്ത കേന്ദ്രത്തിലേക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന പദയാത്ര നടത്തും. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധധർണയിൽ ഒരുലക്ഷംപേരെ അണിനിരത്തും.
കേരളത്തിന്റെ വിവിധ കോണുകളിൽ ലഭിക്കുന്ന ജനപിന്തുണയാണ് സമരത്തിന് ഊർജം. വിഷയം നിയമക്കുരുക്കിലേക്ക് പോകാതെ എല്ലാവരെയും ഒന്നിച്ചിരുത്തി ഒരു മണിക്കൂറിൽ പ്രശ്നപരിഹരത്തിന് സർക്കാർ മുൻകൈയെടുക്കണം
ബെന്നി ജോസഫ്
കൺവീനർ
മുനമ്പം സമരസമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |