
കൊച്ചി: ഡബിൾ ഡെക്കർ എത്തി മാസം മൂന്നായിട്ടും എറണാകുളത്ത് സർവീസ് ആരംഭിക്കൽ അനിശ്ചിതത്തിൽ. ഏറെ കാത്തിരുന്ന് എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് ലഭിച്ച ഡബിൾ ഡെക്കർ ബസിന്റെ വഴിമുടക്കുന്നത് കേബിളുകളും ഇലക്ട്രിക് ലൈനുകളുമാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായാണ് ഓപ്പൺ ഡബിൾ ഡെക്കർ എത്തിയത്. തോപ്പുംപടി ഇലക്ട്രിക് സെക്‌ഷനിലെ ലൈനുകൾ ഉയർത്തി സ്ഥാപിക്കാത്തതിനാലാണ് സർവീസ് തുടങ്ങാത്തതെന്ന് ബഡ്ജറ്റ് ടൂറിസം സെൽ അധികൃതർ പറയുന്നു. ബസ് കാരിക്കാമുറിയിലെ ഗ്യാരേജിലുണ്ട്. ബസിന്റെ പൂർണമായും തുറന്ന മുകൾഭാഗത്ത് 40 പേർക്ക് ഇരിക്കാം. താഴെ 30 പേർക്കും. വൈകിട്ട് അഞ്ചിന് എറണാകുളം സ്റ്റാൻഡിൽ നിന്നാരംഭിച്ച് തോപ്പുംപടി വഴി ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എത്തി അവിടെ നിന്ന് മറൈൻഡ്രൈവ് വഴി സ്റ്രാൻഡിൽ എത്തുന്ന തരത്തിലാണ് സർവീസ് . മൂന്ന് മണിക്കൂർ കൊണ്ട് 40 കിലോമീറ്റർ ബസ് സഞ്ചരിക്കും. നിരക്ക് തീരുമാനിച്ചിട്ടില്ല. ആളുകൾ കൂടിയാൽ രാത്രി 9.30 മുതൽ 12.30 വരെയുള്ള മറ്റൊരു സർവീസും പരിഗണിക്കും. ഒന്നിച്ച് ബസ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാവും. ഓൺലൈൻ വഴിയാകും ബുക്കിംഗ്.
ഈ മാസം 26 ന് സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
തലശേരിയിൽ ഓടിയിരുന്ന ബസ് നഷ്ടത്തിലായതോടെ കൊച്ചിക്ക് കൈമാറുകയായിരുന്നു.
തോപ്പുംപടി മാത്രം പിന്നോട്ട്
തോപ്പുംപടി, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സെക്ഷനിലൂടെയാണ് ബസ് കടന്നുപോകുന്നത്. ബാക്കി രണ്ട് ഇലക്ട്രിക് സെക്ഷനുകളിലും കത്ത് നൽകിയ പ്രകാരം നടപടി സ്വീകരിച്ചെങ്കിലും തോപ്പുംപടിയിൽ മാത്രം യാതൊരു പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ പറയുന്നു.
തടസങ്ങളില്ലെന്ന് കെ.എസ്.ഇ.ബി
ബസ് കടന്നുപോകുന്നതിന് തടസമായി ഇവിടെ വൈദ്യുത ലൈനുകളില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. എന്നാൽ മുകളിലത്തെ നിലയിലെ യാത്രക്കാർ സെൽഫി സ്റ്റിക്ക്, കുട എന്നിവ ഉപയോഗിച്ചാൽ മാത്രമേ അപകടത്തിന് സാദ്ധ്യതയുള്ളൂവെന്ന് തോപ്പുംപടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ബിമൽ ജോസഫ് പറഞ്ഞു.
ബസിന്റെ പ്രത്യേകതകൾ
ബസിന്റെ പൂർണമായും തുറന്ന മുകൾഭാഗത്ത് 40 പേർക്ക് ഇരിക്കാം. താഴെ 30 പേർക്കും.
വൈകിട്ട് അഞ്ചിന് എറണാകുളം സ്റ്റാൻഡിൽ നിന്നാരംഭിച്ച് തോപ്പുംപടി വഴി ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എത്തി അവിടെ നിന്ന് മറൈൻഡ്രൈവ് വഴി സ്റ്രാൻഡിൽ എത്തും
മൂന്ന് മണിക്കൂർ കൊണ്ട് 40 കിലോമീറ്റർ ബസ് സഞ്ചരിക്കും
രാത്രി 9.30 മുതൽ 12.30 വരെയുള്ള മറ്റൊരു സർവീസും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |