* ഒരാൾ അറസ്റ്റിൽ
പെരുമ്പാവൂർ: പെരുമ്പാവൂരിലെ ഒരു ഗോഡൗണിൽ പൊലീസിന്റെ വൻ ലഹരിവേട്ട. അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇവയ്ക്ക് മൂന്നുകോടി രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയവീട്ടിൽ കമറുദീനെ (54) ഇന്നലെ അറസ്റ്റുചെയ്തു. ഇയാൾ ആലുവ ചാലക്കൽ ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. സഹായികളായി അന്യസംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു. ഈ വീട്ടിൽനിന്ന് പണമെണ്ണുന്ന മെഷീനും 112000 രൂപയും കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മുടിക്കൽ തടിഡിപ്പോ റോഡിലുള്ള ഗോഡൗണിൽ ചാക്കിൽ അട്ടിയിട്ട നിലയിലാണ് ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. കുറച്ചുനാളുകളായി ഗോഡൗൺ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിദേശരാജ്യങ്ങളിൽ വിൽക്കുന്ന സിഗരറ്റുകൾ, കാശ്മീരിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രം വിൽക്കുന്ന സിഗരറ്റുകൾ, ഹാൻസ്, പാൻപരാഗ്, മറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ അടക്കമുള്ള വസ്തുക്കളാണ് ചാക്കിലുണ്ടായിരുന്നത്. ബംഗളൂരുവിൽനിന്ന് ലോറിയിൽ പുകയില ഉത്പന്നങ്ങൾ ഗോഡൗണിൽ എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുംമറ്റും ഏജന്റുമാർ വഴി വില്പന നടത്തി വരികയായിരുന്നു. കമറുദീനാണ് ഗോഡൗൺ നടത്തിയിരുന്നത്.
റൂറൽ ജില്ലയിൽ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ക്ലീൻ' പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ റെയ്ഡ് തുടരുകയാണ്. അന്വേഷണസംഘത്തിൽ എ.എസ്.പി ശക്തിസിംഗ് ആര്യ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, എൽദോസ് കുര്യാക്കോസ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, രതി, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, സിബിൻ സണ്ണി എന്നിവരും ഡാൻസാഫ് ടീമും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |