
അനുമതിക്ക് ഏകജാലക സംവിധാനത്തിന് സാദ്ധ്യത തേടണമെന്ന് ആവശ്യം
കൊച്ചി: മൃദംഗനാദം സംഘനൃത്ത പരിപാടിക്കിടെ ഉമ തോമസ് എം.എൽ.എ വീണ് പരിക്കേറ്റ സംഭവത്തെ തുടർന്ന് നഗരത്തിലടക്കം പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾ കുറഞ്ഞു. വിവിധ അനുമതിപത്രങ്ങളുടെ നൂലാമാലകളിൽക്കുരുങ്ങി സംഘാടകരിൽ പലരും പിന്മാറുകയാണ്. സുരക്ഷാ വിഷയത്തിലടക്കം അനുമതി പത്രം വേണം. അതിനുള്ള ഫീസുകളും നൽകണം.
സുരക്ഷയും ആസ്വാദന സ്വാതന്ത്രവും ഉറപ്പാക്കുന്നവിധം അനുമതികൾക്ക് ഏകജാലക സംവിധാനം വേണമെന്ന് ആവശ്യമുയർന്നിരിക്കുകയാണ്.
കലൂർ സ്റ്രേഡിയത്തിൽ നടന്ന ഗിന്നസ് റെക്കാഡ് പ്രകടനത്തിൽ സുരക്ഷാപ്പിഴവുകൾ പ്രകടമായിരുന്നു. നിലവിൽ നിഷ്കർഷിച്ചിട്ടുള്ള പല അനുമതികളും വാങ്ങിയിരുന്നില്ല. സ്റ്രേജ് നിർമ്മാണത്തിലെ അപാകതയാണ് എം.എൽ.എയുടെ വീഴ്ചയുടെ ആഘാതം കൂട്ടാൻ ഇടയായത്. പരിപാടിയുടെ അനുമതി സംബന്ധിച്ച് കോർപ്പറേഷനും ജി.സി.ഡി.എയും തമ്മിൽ ഭിന്നതയുണ്ടായി. പൊലീസിന്റെ ഉപേക്ഷയും വിമർശിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് മറൈൻഡ്രൈവിൽ കൊച്ചിൻ ഫ്ലവർഷോയിൽ മറ്രൊരു വനിതയ്ക്ക് അപകടമുണ്ടായത്. നടവഴിയിൽ ഇട്ടിരുന്ന പ്ലൈവുഡ് ഷീറ്റിൽ തട്ടിവീണ് എല്ലുപൊട്ടി. രണ്ട് അപകടങ്ങളും ജി.സി.ഡി.എ വക സ്ഥലത്തായിരുന്നു. രണ്ടും കേസായി. ജീവനക്കാർക്കതിരെ സസ്പെൻഷൻ നടപടിയുമുണ്ടായി. ഇതോടെയാണ് അനുമതി നടപടികൾ കർശനമാക്കിയത്.
അപേക്ഷകൾ ഫയലയിൽ
പല അപേക്ഷകളും ഫയലിൽ കുരുങ്ങി. ചില സംഘാടകർ ഓഫീസുകൾ കയറിയിറങ്ങി നടന്ന് നിരാശരായി. കൊച്ചി കായൽത്തീരത്ത് മൂന്നു ദിവസമായി നടത്താൻ നിശ്ചയിച്ചിരുന്ന ഒരു ഫെസ്റ്റിവൽ ഒറ്റ ദിവസമായി ചുരുക്കി. നിരവധി അനുമതി പത്രങ്ങൾ ആവശ്യമായി വന്ന സാഹചര്യത്തിലാണിത്. റിസ്കെടുക്കാൻ ഇനി തയ്യാറല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ എന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സംഘാടകർ ഓഫീസുകൾ കയറിയിറങ്ങി മടുക്കുകയാണ്. അനുമതികൾ ഒരു കുടക്കീഴിലാക്കാനുള്ള സാദ്ധ്യത തേടണമെന്നാണ് ആവശ്യം.
അനുമതികൾ ഒരുകൂട്ടം
പൊലീസ്
ഫയർഫോഴ്സ്
തദ്ദേശസ്ഥാപനങ്ങളുടെ വിവിധ വിഭാഗങ്ങൾ
സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള സ്ഥാപനം
പൊതുമരാമത്ത് വകുപ്പ്
ഇലക്ട്രിക്കൽ വിഭാഗം
പരിപാടിയുടെ സ്വഭാവമനുസരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്
ആരോഗ്യ വകുപ്പ്
ടിക്കറ്റ് വച്ചുള്ള പരിപാടിയെങ്കിൽ വിനോദനികുതി രേഖകളും ശരിയാക്കണം
ഒപ്പം കഷ്ടനഷ്ടങ്ങൾക്ക് ഉത്തരവാദിയല്ലെന്ന സത്യവാങ്മൂലവും സംഘാടകർ നൽകണം.
ഓപ്പൺ എയർ പരിപാടികൾ നിശ്ചിത ചട്ടക്കൂടിൽ ഒതുങ്ങുമെന്ന് മുൻകൂട്ടി പ്രവചിക്കാനാകില്ല. കർശന നിലപാടിൽ ഇളവുകൾ വേണം.
പ്രദീപ്കുമാർ
ഇവന്റ് കോ- ഓർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |