
ചോറ്റാനിക്കര: ആമ്പല്ലൂർ ചെത്തിക്കോട് വിവാഹ വീടുകളിൽ വില്പനയ്ക്കായി അനധികൃതമായി പുതുച്ചേരി, മാഹി എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച മദ്യം പൊലീസ് പിടികൂടി. മുളന്തുരുത്തി ചെത്തിക്കോട് സ്വദേശി മുട്ടത്ത് വീട്ടിൽ ജെയിംസ് (48), സഹോദരൻ ജോസ്(44) എന്നിവരെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ 210 കുപ്പികളിലായി വിപണിയിൽ 2.5 ലക്ഷം വില വരുന്ന 134 ലിറ്റർ മദ്യമാണ് പിടികൂടിയത്. മദ്യം എത്തിച്ച വാഹനവും പിടിച്ചെടുത്തു.
പുത്തൻകുരിശ് ഡിവൈ. എസ്.പി വി.ടി ഷാജന്റെ നിർദേശ പ്രകാരം മുളന്തുരുത്തി എസ്.എച്ച്.ഒ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിൽ , എസ്. ഐമാരായ പ്രിൻസി , പ്രിൻസ് ജേക്കബ്ബ്, കെ.എം. ബിജു, സജിമോൻ ഇ.ടി, എ.എസ്.ഐ ലൈസ, സി.പി.ഒ പ്രശോഭ്, വിപിൻ, സുജിത്ത്, വിനോദ്, അനീഷ്, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വിറ്റിരുന്നത് പ്രീമിയം ബ്രാൻഡുകൾ
ബീവറേജസ് ഔട്ട്ലെറ്റിൽ ലിറ്റർ ഒന്നിന് 1200 രൂപയ്ക്ക് മുകളിൽ വിലയുള്ള മുന്തിയ ഇനം മദ്യക്കുപ്പികൾ മാഹിയിൽ തുണി കച്ചവടം നടത്തുന്ന ജോർജ് കുറഞ്ഞ വിലയ്ക്ക് വാങ്ങി കാർ മാർഗം സഹോദരനായ ജെയിംസിന്റെ വീട്ടിൽ എത്തിക്കും. ജെയിംസും മറ്റൊരു സഹോദരനായ ജോസും ചേർന്ന് ഈ മദ്യം പിന്നീട് വിവാഹ വീടുകളിലും സെന്റ് ഓഫ് പാർട്ടി നടത്തുന്നവർക്കും മറ്റും ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു പതിവ്. മൊബൈൽ ഫോൺ വഴിയാണ് ഓർഡറുകളെടുത്തിരുന്നത്.
പൊലീസിനെ കണ്ട് മദ്യം വാഹനത്തിൽ എത്തിച്ച ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ഇവരെയും ജോർജിനെയും പിടികൂടാനുള്ള അന്വേഷണം നടക്കുകയാണ്. ചെത്തിക്കോട് പള്ളിയിലെ കപ്യാർ ആണ് പിടിയിലായ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |