SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

കൂന്തൽ വെറുമൊരു കടൽ മത്സ്യമല്ല

squid

കൊച്ചി: രുചിയേറിയ കൂന്തൽ വെറുമൊരു കടൽമത്സ്യം മാത്രമല്ല. മനുഷ്യൻ ഉൾപ്പെടെ കശേരുജീവികളുമായി കൂന്തലിന് ജനിതക സാമ്യമുണ്ട്. ബുദ്ധിശക്തി, മസ്‌തിഷ്‌ക വികസനം എന്നിവയിൽ മനുഷ്യനുമായും കൂന്തലിന് ജനിതക സാമ്യമുണ്ട്. നിരവധി പ്രത്യേകതകളുള്ള കടൽജീവിയാണ് കൂന്തൽ.

കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ പഠനത്തിലാണ് കൂന്തലിന്റെ (ഇന്ത്യൻ സ്‌ക്വിഡ് ) ജനിതക പ്രത്യേകതകൾ കണ്ടെത്തിയത്. മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങൾ എന്നിവയിലേയ്ക്ക് വെളിച്ചം വീശുന്ന വിവരങ്ങളാണ് ലഭിച്ചത്. സമുദ്ര ശാസ്ത്രത്തിനപ്പുറം ന്യൂറോസയൻസ് ഉൾപ്പെടെ മേഖലകൾക്ക് മുതൽക്കൂട്ടാകുന്നതാണ് പഠനം. ബുദ്ധിശക്തി, മസ്തിഷ്‌കവികസനം തുടങ്ങിയ മനുഷ്യരുടെ നാഡിവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്റെ ജീൻ മാതൃകകളാണ് ഗവേഷകർ പഠനവിധേയമാക്കിയത്.

വികസിത നാഡീവ്യൂഹം, ബുദ്ധിശക്തി, പ്രശ്‌നപരിഹാര കഴിവുകൾ, നിറം മാറാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകളുള്ള സമുദ്രജീവിയാണ് കൂന്തൽ. ഇവയുടെ ജനിതക പ്രത്യേകതകൾ മനസിലാക്കാൻ സഹായിക്കുന്ന ജീൻ പ്രൊഫൈലുകളാണ് ഗവേഷകർ തിരിച്ചറിഞ്ഞത്.

ജീവജാലങ്ങളുടെ ബുദ്ധിശേഷി, മസ്തിഷ്‌ക വികാസം, പരിണാമം എന്നിവ മനസിലാക്കാൻ സഹായിക്കുന്ന മാതൃക ജീവിവർഗമാണ് (മോഡൽ ഓർഗാനിസം) കൂന്തലെന്ന് പഠനത്തിലൂടെ തെളിഞ്ഞു.

സി.എം.എഫ്.ആർ.ഐയിലെ മറൈൻ ബയോടെക്നോളജി, ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഡിവിഷനിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലായിരുന്നു പഠനം. മത്തി, കല്ലുമ്മക്കായ എന്നിവയുടെ ജനിതകരഹസ്യം ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം കണ്ടെത്തിയിരുന്നു.

കണ്ടെത്തലിന്റെ നേട്ടങ്ങൾ

1. സുസ്ഥിര സമുദ്രവിഭവ മാനേജ്‌മെന്റ് രംഗത്ത് മുതൽക്കൂട്ടാകും

2. കടൽജീവികൾ പാരിസ്ഥിതിക മാറ്റങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് മനസിലാക്കാൻ ജനിതക കണ്ടെത്തൽ വഴിയൊരുക്കും

3. കൂന്തലിന്റെ മസ്തിഷ്‌കവികാസം മനസിലാക്കുന്നത് ന്യൂറോ ബയോളജി, ബുദ്ധിശക്തി, നാഡീവ്യവസ്ഥയുടെ പരിണാമബന്ധങ്ങൾ എന്നിവയിൽ അറിവുകൾ ലഭ്യമാക്കും

4. ന്യൂറൽ സർക്യൂട്ടുകൾ, ഓർമ്മ, നാഡീരോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ കൂടുതൽ വികസിപ്പിക്കാൻ സഹായിക്കും

കൂന്തലിന്റെ ജനിതകപഠനം വിവിധ മേഖലകളിൽ നിർണായക അറിവുകൾ നേടാൻ സഹായിക്കും.

ഡോ. സന്ധ്യ സുകുമാരൻ

പ്രിൻസിപ്പൽ സയന്റിസ്റ്റ്

സി.എം.എഫ്.ആർ.ഐ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, INDIAN SQUID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL