
ആലുവ: ട്രെയിൻ യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രികയ്ക്ക് രക്ഷയായി സഹയാത്രികയായ നഴ്സ്. തിങ്കളാഴ്ച രാവിലെ പരശുറാം എക്സ്പ്രസിലാണ് സംഭവം. യാത്രക്കിടെ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുശീലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തൊട്ടുത്ത കംബാർട്ട്മെന്റിൽ നിന്ന് നിലവിളി കേട്ടെത്തിയ അമിത കുര്യാക്കോസിന്റെ സമയോചിത ഇടപെടലാണ് സുശീലയ്ക്ക് തുണയായത്. ആലുവ രാജഗിരി ആശുപത്രിയിലെ കാർഡിയാക് ഐ.സി.യു നഴ്സാണ് അമിത. രോഗിയായ ബന്ധുവിനെ സന്ദർശിക്കാനാണ് മകളുടെ കൂടെ സുശീല എറണാകുളത്തേയ്ക്ക് പോയത്.
ട്രെയിൻ തൃപ്പുണിത്തുറ സ്റ്റേഷൻ പിന്നിട്ടപ്പോൾ സുശീലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ മകൾ പരിഭ്രാന്തിയിലായി. മകളുടെ കരച്ചിൽ കേട്ടാണ് യാത്രക്കാർ വിവരം അറിഞ്ഞത്. പൾസ് പരിശോധിച്ചപ്പോൾ ലഭിക്കാതെ വന്നതോടെ നഴ്സ് അമിത സുശീലയെ തറയിൽ കിടത്തി. തുടർന്ന് അഞ്ച് തവണ സി.പി.ആർ നൽകിയതോടെയാണ് സുശീലയുടെ കണ്ണുകളിൽ ചലനവും പൾസും വീണ്ടെടുത്തത്. സഹയാത്രികരുടെ സഹായത്തോടെ നഴ്സ് അമിത സുശീലയെ സുരക്ഷിതമായി ഇരുത്തി. തുടർന്ന് വെള്ളം കുടിക്കാൻ നൽകി. ഇതിനകം യാത്രക്കാരിലൊരാൾ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയിരുന്നു. ഇതോടെ റെയിൽവേ ജീവനക്കാരും സ്ഥലത്തെത്തി. അമിത കുര്യാക്കോസിന്റെ അവസരോചിത ഇടപെടലിനെ ടി.ടി.ഇയും സഹയാത്രികരും അഭിനന്ദിച്ചു. തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങിയ സുശീലയും മകളും ഡോക്ടറെ കണ്ട ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.
അമിതയ്ക്ക് ആദരം
അമിതയുടെ സമയോചിത ഇടപെടലിനെ രാജഗിരി ആശുപത്രി മാനേജ്മെന്റും ആദരിച്ചു. മനസാന്നിദ്ധ്യം കൈവിടാതെ അമിത നടത്തിയ പരിശ്രമം നഴ്സിംഗ് സമൂഹത്തിന് തന്നെ മാതൃകയാണെ് രാജഗിരി നഴ്സിംഗ് ഡയറക്ടർ ഡോ. എലിസബത്ത് ഡേവിഡ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |