
പെരുമ്പാവൂർ:പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ കേസിൽ വടക്കേക്കര തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണ (27), കൊടുങ്ങല്ലൂർ ശൃംഗപുരം നെല്ലിപ്പറമ്പത്ത് ബൈജു (28), കണ്ടംതറയിൽ വാടകയ്ക്ക് താമസിക്കുന്ന പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ നിസാർ (26) എന്നിവർ അറസ്റ്റിൽ. കഴിഞ്ഞ 24ന് പുലർച്ചെ ഒക്കൽ, വട്ടക്കാട്ടുപടി എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിലാണ് മേഷണം നടത്തിയത്. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യയുടെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. വട്ടക്കാട്ടുപടിയിലുള്ള പമ്പിൽ നിന്ന് 55,000, ഒക്കൽ പമ്പിൽ നിന്ന് 13,000 രൂപയുമാണ് മോഷ്ടിച്ചത്. രണ്ട് പമ്പുകളുടെയും ഷട്ടറുകളുടെ താഴ് തകർത്ത് ഗ്ലാസ് പൊളിച്ച് അകത്തു കയറിയായിരുന്നു മോഷണം. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികളെ വടക്കേക്കര, തൃശൂർ താണിശ്ശേരി ഭാഗങ്ങളിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ മോഷണത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിൾ 14ന് മുളവുകാട് നിന്ന് മോഷണം ചെയ്തതാണെന്ന് സമ്മതിച്ചു. കൂടാതെ പുത്തൻവേലിക്കരയിൽ ഒരു വീട്ടിലും 17ന് കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്രോൾ പമ്പുകളിലും 27ന്പുലർച്ചെ കോട്ടയം ഏറ്റുമാനൂർ കടുത്തുരുത്തി പെട്രോൾ പമ്പുകളിലും മോഷണം നടത്തിയതായി കണ്ടെത്തി. നിരവധി കേസുകളിലെ പ്രതിയായ യദുകൃഷ്ണ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ടയാളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |