
കൊച്ചി: ജില്ലയുടെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സീപോർട്ട് - എയർപോർട്ട് റോഡ് യാഥാർത്ഥ്യത്തിലേക്ക്. രണ്ടാംഘട്ട വികസനത്തിന് ഏറ്റവും വലിയ തടസമായിരുന്ന എൻ.എ.ഡി. ഭൂമി വിട്ടുകിട്ടുന്നതിന്റെ നടപടിയായി. പ്രതിരോധ വകുപ്പിനു കീഴിലുള്ള നാഷണൽ ആംഡ് ഡിപ്പോയും (എൻ.എ.ഡി.) കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനും (ആർ.ബി.ഡി.സി.കെ.) സ്ഥലം കൈമാറ്റം സംബന്ധിച്ച കരാർ ഒപ്പുവച്ചു. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിദ്ധ്യത്തിൽ എൻ.എ.ഡി. ചീഫ് ജനറൽ മാനേജർ ബി.പി. സിംഗ്, ആർ. ബി.ഡി.സി.കെ. മാനേജിംഗ് ഡയറക്ടർ എസ്. സുഹാസിനു ധാരണാപത്രം കൈമാറി.
ഒരു കിലോമീറ്ററിന് 81 കോടി
1. ഭൂമി വിലയായി 23.11 കോടി രൂപ എൻ.എ.ഡിക്കു കൈമാറി. എച്ച്.എം.ടി ജംഗ്ഷൻ മുതൽ തുരപ്പു വരെ 5.5 മീറ്റർ വീതി കൂട്ടുന്നതിനൊപ്പം ചുറ്റുമതിലും ഈ ഭൂമിയിൽ നിർമിക്കും. ഒരു കിലോമീറ്റർ റോഡിന് 81 കോടി രൂപയാണു നിർമാണ ചെലവ് കണക്കാക്കുന്നത്.
2. മഹിളാലയം മുതൽ 6 കിലോമീറ്ററിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. കിഫ്ബി അനുവദിച്ച 540 കോടി രൂപയാണു ചെലവ്.
3. ചൊവ്വര മുതൽ എയർ പോർട്ട് വരെ 4.4 കിലോമീറ്റർ വികസനത്തിന് 210 കോടി രൂപ അനുവദിച്ചു.
30 കിലോ മീറ്റർ
കൊച്ചി തുറമുഖം മുതൽ നെടുമ്പാശേരി വിമാനത്താവളം വരെ 30 കിലോമീറ്ററിൽ നാലുവരിപ്പാതയായി വിഭാവനം ചെയ്തതാണ് സീപോർട്ട് - എയർപോർട്ട് ഹൈവേ.
ഒന്നാം ഘട്ടം : കളമശേരി - കരിങ്ങാച്ചിറ : 13 കി.മീ.
രണ്ടാം ഘട്ടം : കളമശേരി - എയർപോർട്ട് : 17 കി.മീ
എം.പിയായിരിക്കുമ്പോൾ മുതൽ 23 വർഷത്തെ ശ്രമത്തിനൊടുവിലാണ് റോഡ് വികസനത്തിനായി പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൈമാറ്റത്തിന് ധാരണയാകുന്നത്. സർക്കാർ എന്തു വില കൊടുത്തും പദ്ധതി പൂർത്തിയാക്കും.
പി. രാജീവ്
വ്യവസായ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |