
കൊച്ചി: നൈപുണ്യ, തൊഴിൽ, കാർഷികമത്സ്യ വികസന മേഖലകളിലെ ന്യൂജെൻ കാഴ്ചപ്പാടുകളുമായി കേന്ദ്ര ബഡ്ജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചപ്പോൾ ജില്ലയെ കാത്തിരിക്കുന്നത് ഭാവി വികസനത്തിന്റെ അനന്തസാദ്ധ്യതകൾ. ജില്ലയ്ക്ക് ബാധകമായ പ്രത്യേക പദ്ധതികളില്ലെങ്കിലും വൻ വികസന സാദ്ധ്യതയാണ് ബഡ്ജറ്റ് തുറന്നിടുന്നത്.
ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രോത്സാഹനമാകുന്ന പ്രഖ്യാപനങ്ങൾ എറണാകുളത്തിന് നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ. ആദായ നികുതി 'കട്ടിംഗ്’ കുറയുമെന്നതും പുതുതലമുറ ഉദ്യോഗസ്ഥർക്ക് മുതൽക്കൂട്ടാണ്.
സ്റ്റാർട്ടപ്പുകളിൽ പുതിയ 27 മേഖലകൾ കൂടി ഉൾപ്പെടുത്തി വളർച്ചാ ഘട്ടം വരെ കൈത്താങ്ങു നൽകുമെന്നാണ് ബഡ്ജറ്റിൽ പറയുന്നത്. അംഗീകൃത സ്ഥാപനങ്ങളിൽ നിയമിതരാകുന്ന തുടക്കക്കാർക്ക് ആദ്യ ശമ്പളം സർക്കാർ ചെലവിലായിരിക്കും. നൈപുണ്യ പരിശീലനത്തിനുള്ള വായ്പകൾക്കും ചെറു സംരംഭങ്ങളുടെ വായ്പകൾക്കും വിവിധ ഇളവുകൾ പ്രഖ്യാപിച്ചതും വാണിജ്യ കേന്ദ്രമായ ജില്ലയ്ക്ക് നേട്ടമാകും.
കാർഷിക, മത്സ്യമേഖല
മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് ബഡ്ജറ്റിൽ പറയുന്നുണ്ട്. വിശദാംശങ്ങൾ പുറത്തുവരേണ്ടതുണ്ട്. അതേസമയം ചെമ്മീൻ വ്യവസായത്തിന് കൈത്താങ്ങ് നൽകുന്നുണ്ട്. ചെമ്മീൻ വളർത്തൽ, സംസ്കരണം, കയറ്റുമതി എന്നിവയ്ക്ക് നബാർഡ് വഴി ധനസഹായം നൽകും. കൂടാതെ ചെമ്മീൻ ബ്രീഡിംഗ് ശൃംഖല സ്ഥാപിക്കാനുള്ള സാമ്പത്തിക സഹായത്തിനും വ്യവസ്ഥയുണ്ട്.
കാർഷിക മേഖലയിൽ പ്രകൃതിദത്ത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ബ്രാൻഡിംഗും സർട്ടിഫിക്കേഷനും കൊണ്ടുവരും. ബയോ ഇൻപുട്ട് റിസോഴ്സ് സെന്ററുകൾ ഇതിനായി രൂപീകരിക്കും. ജില്ലയിലെ കാർഷിക മേഖലയ്ക്ക് പ്രയോജനകരമായേക്കാവുന്ന പ്രഖ്യാപനമാണിത്.
ഇ കൊമേഴ്സ്, ടൂറിസം
ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങൾക്കും കരകൗശല വസ്തുക്കൾക്കും രാജ്യാന്തര വിപണി കണ്ടെത്തുന്നതിന് ഇ-കൊമേഴ്സ് കയറ്റുമതി ഹബ്ബുകൾ സജ്ജമാക്കാനും തീരുമാനമുണ്ട്. ഇതിൽ കൊച്ചിയും ഉൾപ്പെട്ടേക്കും. ടൂറിസത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതും ഹോംസ്റ്റേകൾക്ക് സഹായം നൽകുമെന്നതും ജില്ലയ്ക്ക് പ്രയോജപ്പെടത്താവുന്നതാണ്.
നിർമ്മിതബുദ്ധിയിൽ 5 മികവിന്റെ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി ഇൻഫോപാർക്കിലെ ഗവേഷണങ്ങൾക്ക് പരോക്ഷമായെങ്കിലും ഗുണം ലഭിക്കും. ഷിപ്പിംഗ്, മാരിടൈം മേഖലകൾക്കും പൊതുവായ പദ്ധതികൾ ബഡ്ജറ്റിലുണ്ട്. കപ്പൽശാലയും തുറമുഖ കമ്പനിയുമുള്ള കൊച്ചിക്ക് ഇതും ഗുണകരമാകും.
ബ്രൗൺ ഫീൽഡ് സിറ്റി
പ്രധാന നഗരങ്ങൾക്ക് സൃഷ്ടിപരമായ പുനർവികസനം നൽകുമെന്ന പ്രഖ്യാപനവും പ്രതീക്ഷയേകുന്നു. വേണ്ടത്ര ആസൂത്രണമില്ലാതെ കെട്ടിപ്പൊക്കിയ നഗരങ്ങളിൽ സർഗപരമായ വികസനമാണ് ലക്ഷ്യം. ഗതാഗതം, വായുനിലവാരം, പ്രാന്തപ്രദേശങ്ങളുടെ വികസനം തുടങ്ങിയ ബ്രൗൺ ഫീൽഡ് പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് കേന്ദ്ര വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |