SignIn
Kerala Kaumudi Online
Friday, 23 October 2026 9.10 AM IST

ഹൃദയം മാറ്റിവയ്ക്കൽ: ജനറൽ ആശുപത്രി സജ്ജമാകുന്നു

general-hospital

 ഉപകരണങ്ങൾ സ്ഥാപിച്ചു

 ഹാർട്ട് ഫെയിലിയർ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രി മാസാവസാനത്തോടെ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമായേക്കും. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സിൽ ഉപകരണങ്ങൾ സ്ഥാപിച്ചു. രോഗികളെ തിരഞ്ഞെടുക്കാനുള്ള ഹാർട്ട് ഫെയിലിയർ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രിയാകും എറണാകുളത്തേത്. നിലവിൽ പ്രതിമാസം 60 കാർഡിയോ തൊറാസിക് ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്.
ഹൃദയമാറ്റ ശസ്ത്രക്രിയ സൗജന്യമായി നടത്താനാണ് ആശുപത്രി വികസന സമിതിയുടെ തീരുമാനം. രോഗികൾ ബന്ധപ്പെടേണ്ട നമ്പർ: 8891924136, 8075812459.
കേരള സ്റ്റേറ്റ് ടിഷ്യു ആൻഡ് ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) ലൈസൻസ് കഴിഞ്ഞമാസം ഒന്നിനാണ് ലഭിച്ചത്.
വൃക്ക മാറ്റിവയ്ക്കൽ, ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ രാജ്യത്ത് ആദ്യമായി നടത്തിയ ജനറൽ ആശുപത്രിയാണിത്.
2023 നവംബർ മുതൽ വിജയകരമായി നടക്കുന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് പുതിയ ദൗത്യത്തിലേക്ക് വഴി തുറന്നത്. ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച നാല് ശസ്ത്രക്രിയകളുടെ വിജയാഘോഷ ചടങ്ങിനെത്തിയ ആരോഗ്യമന്ത്രിയോട് ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാർ താത്പര്യം അറിയിക്കുകയായിരുന്നു. ഉടൻ സർക്കാരിന്റെ മൃതസഞ്ജീവനിയുമായി സഹകരിച്ച് നിർദ്ദേശം നൽകി.
രണ്ട് ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാണ്. ഡോ. രാഹുൽ, ഡോ. ജോർജ് വാളൂരാൻ, ഡോ. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാകും ശസ്ത്രക്രിയ. രണ്ട് അനസ്‌തെറ്റിസ്റ്റുകളും നഴ്‌സുമാരും പാരാമെഡിക്കൽ ജീവനക്കാരുമുൾപ്പെടെ 40ലേറെപ്പേർ കാർഡിയോ തൊറാസിക് സർജറി വകുപ്പിന്റെ ടീമിലുണ്ട്.

നിലവിലുള്ള ഹൃദയ ശസ്ത്രക്രിയകൾ

കാർഡിയോ വാസ്‌കുലാർ
കാർഡിയോ തൊറാസിക്
ആൻജിയോഗ്രാഫി
ആൻജിയോപ്ലാസ്റ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL