
കൊച്ചി: കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളുടെ കൗതുകം നിറച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) ഓപ്പൺ ഹൗസ് പ്രദർശനം സമാപിച്ചു. 78-ാമത് സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ പ്രദർശനത്തിന് ആയിരങ്ങളാണെത്തിയത്.
കോഴിക്കോട് തീരത്ത് ചത്തടിഞ്ഞ ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം ശ്രദ്ധനേടി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഗവേഷകർ വിശദീകരിച്ചു.
മുവായിരത്തോളം കടൽ ജീവജാലങ്ങളുടെ മാതൃകകളുള്ള മ്യൂസിയം, പരീക്ഷണശാലകൾ, മറൈൻ അക്വേറിയം, ലൈബ്രറി, ഹാച്ചറികൾ, പട്ടാളപ്പുഴു ഉപയോഗിച്ചുള്ള മാലിന്യ സംസ്‌കരണ യൂണിറ്റ്, കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം എന്നിവ കാണാനെത്തിയവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളായിരുന്നു.
വംശനാശഭീഷണി നേരിടുന്ന ഇൻസ്റ്റലേഷൻ
കടലിനടിയിലെ ഭാഗങ്ങൾ ചിത്രീകരിച്ച ഇൻസ്റ്റലേഷൻ സമുദ്രമാലിന്യത്തിന്റെ ഭീകരത തുറന്നുകാട്ടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ അടിഞ്ഞുകൂടുന്നത് ജീവജാലങ്ങൾക്കും ആവാസവ്യസ്ഥക്കുമുണ്ടാക്കുന്ന ഭീഷണി വരച്ചുകാട്ടുന്നതായിരുന്നു പ്രദർശനം. വംശനാശഭീഷണി നേരിടുന്നതും സംരക്ഷിത പട്ടികയിലുള്ളതുമായ തിമിംഗല സ്രാവ്, ചക്രവർത്തി മത്സ്യം, കടൽക്കുതിര തുടങ്ങി 19 കടൽജീവിവർഗങ്ങളുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
കൂടുമത്സ്യകൃഷി, സംയോജിത മൾട്ടിട്രോഫിക് അക്വാകൾച്ചർ സിസ്റ്റം, റീസർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റം, ബയോഫ്‌ലോക്ക് എന്നിവയുടെ മാതൃകകളും പ്രദർശിപ്പിച്ചു. മോളിക്യുലാർ ബയോളജി, സെൽ കൾച്ചർ, ഫിഷറി ബയോളജി, പരിസ്ഥിതിഗവേഷണം, കാലാവസ്ഥാ വ്യതിയാനം, സമുദ്ര അമ്ലീകരണം തുടങ്ങിയ ലബോറട്ടറികളും പൊതുജനങ്ങൾക്ക് കാണാൻ തുറന്നുകൊടുത്തു.
സ്രാവുകൾ മുതൽ നീരാളി വരെ
സ്രാവുകൾ, തിരണ്ടി, വാൾ മത്സ്യം, കല്ലൻ വറ്റ തുടങ്ങിയ ഇനങ്ങളും ചെമ്മീൻ, ഞണ്ട്, കണവ, കൂന്തൽ, നീരാളി, കക്കവർഗയിനങ്ങൾ, മുത്തുകൾ, ശംഖുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. സമുദ്രസസ്തനികളുടെ സർവേയ്ക്ക് ഉപയോഗിക്കന്ന ദൂരദർശിനികൾ, സമുദ്രത്തിനടിയിൽ ഗവേഷണങ്ങൾക്കുപയോഗിക്കുന്ന ഉപകരണങ്ങൾ, കടൽപ്പായൽ കൃഷിരീതി തടുങ്ങിയവയും ശ്രദ്ധ പിടിച്ചുപറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |