SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

 ടൂർ പാജേക്ക് തട്ടിപ്പ് ഓഫറിൽ മയക്കി 800 പേരെ കുടുക്കി

tour

കൊച്ചി: പാതിവിലയ്ക്ക് സ്കൂട്ടറും മറ്റും നൽകാമെന്ന് വിശ്വസിപ്പിച്ച് ശതകോടികൾ തട്ടിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് കൊച്ചിയിൽ സമാന രീതിയിൽ മറ്റൊരു തട്ടിപ്പും. ദേശീയ- അന്തർദേശീയ ടൂർ പാക്കേജിന്റെ മറവിലാണ് പുതിയ തട്ടിപ്പ്. എളമക്കര പൊലീസ് കേസെടുത്തതിന് പിന്നാലെ, ഇടപ്പള്ളി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സ്ഥാപന ഉടമകൾ ഒളിവിൽപ്പോയി. ഇതുവരെ 60ലധികം പരാതികൾ പൊലീസിന് ലഭിച്ചു. ഒരോരുത്തരിൽ നിന്നായി 50,000 മുതൽ 1,50,000 രൂപ വരെ കമ്പനി കൈക്കലാക്കി.

ഏതാനും മാസം മുമ്പാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. നിശ്ചിത താരിഫിലുള്ള പാക്കേജ് എടുക്കുന്നവർക്ക് 50,000 രൂപ വരെ ഓഫറായിരുന്നു വാഗ്ദാനം. പാക്കേജ് ആദ്യമായി എടുത്തവരിൽ ചിലർക്ക് ഓഫർ ലഭിച്ചു. എന്നാൽ പിന്നീട് ഓഫർ ആർക്കും ലഭിച്ചില്ല. നൽകിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതായതോടെ ആളുകൾ പൊലീസിനെ സമീപിക്കാൻ തുടങ്ങി.

പ്രതികൾ മുൻകൂർ ജാമ്യംതേടി കോടതിയെ സമീപിച്ചെന്നാണ് വിവരം. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സ്വന്തം അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചിരുന്നതെന്ന് ഡയറക്ടർമാരിൽ ഒരാൾ പൊലീസിനെ അറിയിച്ചു.

 800 പേർ
60പേർ മാത്രമേ പരാതി നൽകിയിട്ടുള്ളൂവെങ്കിലും ഏതാണ്ട് 800 പേർ ഇരകളാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഓഫർ കണ്ട് മയങ്ങിയാണ് പലരും കുഴിയിൽ വീണത്. പരാതിക്കാരിൽ ബഹുഭൂരിഭാഗം പേർക്കും പണം തിരികെ ലഭിക്കണമെന്നാണ് ആവശ്യം. എന്നാൽ നാണക്കേട് മൂലം പലരും പരാതി നൽകാത്തതത്രേ.

 മണിചെയിൻ മോഡൽ
സ്കൂട്ടർ തട്ടിപ്പ് പോലെ ടൂർ പാക്കേജ് തട്ടിപ്പിന്റെ രീതിയും മണിചെയിൻ മാതൃകയിലെന്ന് പൊലീസ് പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും പരസ്യം നൽകി ആളുകളെ ആകർഷിക്കും. തുടർന്ന് ഇവർക്ക് കൂടുതൽ പാക്കേജുകൾ വാഗ്ദാനം ചെയ്ത കൂടുതൽപ്പേരെ ഇതിലേക്ക് അടുപ്പിക്കുന്നതായിരുന്നു രീതി.

പരാതികളിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ വൈകാതെ പിടികൂടും

കെ.ബി. ഹരികൃഷ്ണൻ

എസ്.എച്ച്.ഒ -എളമക്കര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL