
ചോറ്റാനിക്കര: ആരും കയറാൻ മടിക്കുന്ന കാടുകയറി കിടന്നിരുന്ന തരിശു ഭൂമികൾ വെട്ടിത്തെളിച്ച് ജൈവ കൃഷിയൊരുക്കുകയാണ് ചോറ്റാനിക്കര പഞ്ചായത്തിലെ 14-ാം വാർഡ് അംഗം അനിഴം വില്ലയിൽ മിനി പ്രദീപും കൂട്ടുകാരി ബിജിയും. നാട്ടുകാർക്ക് വിഷരഹിത പച്ചക്കറി നൽകുന്നതിനൊപ്പം അടുക്കളത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. വിളവെടുക്കുന്ന കപ്പയും ചീരയും തക്കാളിയും വെണ്ടക്കയുമെല്ലാം ചുരുങ്ങിയ വിലയ്‌ക്ക് ആവശ്യക്കാർക്ക് നൽകും.
പച്ചക്കറി കൃഷിക്കു പുറമേ, വാഴകളും വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 14 ആടുകളും മിനി പ്രദീപിനുണ്ട്. ആട്ടിൻകാഷ്ഠമാണ് തോട്ടത്തിലെ പ്രധാന വളം.
ദിവസം തുടങ്ങുന്നത് കൃഷിയിടത്തിൽ
ജനപ്രതിനിധിയുടെ തിരക്കിലും പുലർച്ചെ തന്നെ കൃഷിത്തോട്ടത്തിൽ മിനിയുണ്ടാകും. അഞ്ചുവർഷമായി തരിശു ഭൂമികൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണ് ഇരുവരും. കുടുംബശ്രീ ലോണെടുത്തും കാർഷിക വായ്പയെടുത്തുമാണ് കൃഷിയിറക്കലും മറ്റ് ചെലവുകളും വഹിക്കുന്നത്. ചേന, ബന്തിപ്പൂ കൃഷികൾ ചെയ്തായിരുന്നു തുടക്കം. സംഗതി വിജയിച്ചതോടെ കൃഷി ശീലമാക്കി. ഇപ്പോൾ 65 സെന്റ് ഭൂമിയിൽ വിവിധതരം കൃഷികൾ ചെയ്യുന്നു.
തരിശുഭൂമി കണ്ടാൽ വിടില്ല
വാർഡിൽ മൂർഖൻ പാമ്പിന്റെ ശല്യമുള്ള പറമ്പിൽ വർഷങ്ങളായി കൃഷി ചെയ്യാതെ കാടുപിടിച്ചു കിടക്കുന്ന ആരും ഇറങ്ങിച്ചെല്ലാൻ മടിക്കുന്ന സ്ഥലങ്ങൾ കൃഷിഭൂമികളാക്കി പൊന്നു വിളയിക്കുന്നതാണ് ഇവരുടെ വിനോദം. മിനിയെ മാതൃകയാക്കി പലരും അടുക്കളത്തോട്ടം നിർമ്മിച്ചുകഴിഞ്ഞു. എല്ലാവിധ പ്രോത്സാഹനവുമായി കൃഷി അസിസ്റ്റന്റ് ഓഫീസർ സജിത്ത് ദാസ് പി.ഡി. ഇവർക്കൊപ്പമുണ്ട്. ഇപ്പോൾ കൃഷി ചെയ്യുന്ന ഭൂമിയിൽ ആവശ്യമായ വെള്ളം നൽകുന്നത് അയൽവാസി വിപിനാണ്.
വിഷമില്ലാത്ത പച്ചക്കറി ഉല്പാദിപ്പിച്ച് നാടിനെ രോഗവിമുക്തമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം നമുക്കാവശ്യമായ പച്ചക്കറി നമ്മുടെ വീട്ടിൽ ഉത്പാദിപ്പിക്കുകയെന്ന സന്ദേശം ആളുകളിലേക്ക് എത്തിക്കണം. ഏറ്റവും കൂടുതൽ സന്തോഷവും സമാധാനവും ലഭിക്കുന്നത് തോട്ടത്തിൽ എത്തുമ്പോഴാണ്.
മിനി പ്രദീപ്
പഞ്ചായത്തംഗം
ചോറ്റാനിക്കര പഞ്ചായത്ത് പതിനാലാം വാർഡ്
65 സെന്റിൽ കൃഷി
കൃഷിയിനങ്ങൾ
ഏത്തവാഴ (മഞ്ചേരി കുള്ളൻ)
വെണ്ട
ചീര
തക്കാളി
കപ്പ
പയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |