
കൊച്ചി: അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന കയർ ബോർഡിൽ ഉത്തരേന്ത്യൻ ഉന്നത ഉദ്യോഗസ്ഥരുടെ രാജവാഴ്ചയെന്ന് ആരോപണം. വഴങ്ങാത്ത ജീവനക്കാരെ വിദൂര സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റിയും സസ്പെൻഡ് ചെയ്തും പീഡിപ്പിക്കുകയാണ്. പേടിച്ച് ജീവനക്കാർ പോലും പരാതിപ്പെടുന്നില്ല.
സംഘടനകൾ നിർജ്ജീവം
സംഘടനാ നേതാക്കൾളും പ്രതികരിക്കാൻ ഭയക്കുന്നതിനാൽ ഉദ്യോഗസ്ഥ പീഡനം നിർബാധം തുടരുന്നു.
സജീവമായിരുന്ന രണ്ട് യൂണിയനുകളും ഒരു അസോസിയേഷനും ഇപ്പോൾ നിർജീവമാണ്. നേതാക്കളെ സ്ഥലം മാറ്റിയും ഡിപ്പാർട്ട്മെന്റ് മാറ്റിയും യൂണിയനുകളെ നിർജീവമാക്കി. അഴിമതിക്കണക്കുകളിൽ വിയോജനക്കുറിപ്പുകളെഴുതിയതിന്റെ പേരിൽ ആന്ധ്രയിലേക്ക് സ്ഥലം മാറ്റപ്പെട്ട സെക്ഷൻ ഓഫീസർ ജോളി മധു മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ചതോടെയാണ് ദുരവസ്ഥ പുറത്തുവരാൻ തുടങ്ങിയത്.
അടുത്ത കാലങ്ങളിൽ നിയമിക്കപ്പെട്ട ചെയർമാന്മാരെയും സെക്രട്ടറിമാരെയും കീഴ്ജീവനക്കാർക്കാർക്ക് നേരിൽ കാണാൻ സാധിക്കുന്നില്ല. ചുമതലയേറ്റാൽ പതിവായി വരുന്ന പതിവില്ല. വന്നാലും ഓഫീസിൽ ഇരിക്കില്ല. ഫീൽഡ് വിസിറ്റെന്ന പേരിൽ വിനോദയാത്രകളാണ് നടക്കുന്നത്. ഭരണം ഓൺലൈനിൽ മാത്രം. കയർ വികസനത്തിനുള്ള ഫണ്ട് വെട്ടിക്കലാണ് പ്രധാന ദൗത്യമെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇടത് അനുകൂല സംഘടനാപ്രവർത്തകൻ പറയുന്നു.
ഷോറൂം മാനേജർ വളർന്ന്
ബോർഡ് സെക്രട്ടറി!
ജോളി മധുവിന്റെ മരണത്തിൽ ആരോപണ വിധേയനായ കയർ ബോർഡ് സെക്രട്ടറി ഇൻചാർജായിരുന്ന ജിതേന്ദ്ര ശുക്ലയുടെ വളർച്ച ഞെട്ടിക്കുന്നതാണ്. ഷോറൂം മാനേജറായിരുന്ന ശുക്ല സ്വാധീനശേഷിയാലാണ് ബോർഡ് സെക്രട്ടറി പദവിയിൽ എത്തിയത്. വലിയ അഴിമതിയുടെ പേരിൽ ഇദ്ദേഹത്തെ ഡിപ്പാർട്ട്മെന്റിൽ നിന്ന് മാറ്റിയിരുന്നു. വീണ്ടും തിരിച്ചെത്തിയ ഇയാൾ വിരമിക്കലിനു ശേഷം രണ്ടു വർഷത്തേക്ക് എക്‌സ്റ്റെൻഷനും നേടിയെടുത്തു. ജനുവരി 31നാണ് കാലാവധി കഴിഞ്ഞത്.
പകരം വന്ന ഉദ്യോഗസ്ഥനെതിരെയും ആരോപണങ്ങൾ ഉയർന്നതോടെ സെക്രട്ടറി ഇൻചാർജായി ജിതേന്ദ്ര ശുക്ല വീണ്ടും തിരികെയെത്തി. ഇദ്ദേഹത്തിനുള്ള കുറിപ്പുകളും മറ്റും തയാറാക്കിയിരുന്നത് ജോളി മധുവായിരുന്നു. കുറിപ്പുകളിൽ സെക്രട്ടറി ഇൻ ചാർജെന്ന് ജോളി മധു രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് കുടുംബം ആരോപിച്ചിരുന്നു.
നാളെ; എക്‌സിബിഷൻ സ്റ്റാളൊന്നിന് 25ലക്ഷം! മൂന്ന് ദിവസ യാത്രക്ക് ടാക്‌സി കൂലി മൂന്ന് ലക്ഷം!:
കയർ ബോർഡിലെ സാമ്പത്തിക ക്രമക്കേട് ഞെട്ടിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |