
കൊച്ചി: അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് മുന്നിട്ട് എറണാകുളം സെന്റ് തെരേസാസ് കോളേജ്. കോളേജിന്റ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബി ദി ചേഞ്ച്- ദി ഗിഫ്റ്റ് ഒഫ് ലൈഫ് എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാർത്ഥികളടക്കമുള്ളവർ മരണാനന്തര അവയവദാന സമ്മത പത്രം നൽകുന്നത്.
കേരളത്തിലെ കരൾ മാറ്റിവച്ചവരുടെയും അവരുടെ ദാതാക്കളുടെയും സംഘടനയായ ലിവർ ഫൗണ്ടേഷൻ ഒഫ് കേരളയുമായി സഹകരിച്ചാണ് പദ്ധതി. 28ന് നടക്കുന്ന ചടങ്ങിൽ കോളേജിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി.ടി.എ എന്നിവർ അവയവദാന സമ്മത പത്രം നൽകും. താത്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്തിലാണ് പരിപാടി.
സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (നോട്ടോ) വഴിയാണ് രജിസ്ട്രേഷൻ. കോളേജിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ബോധവത്കരണ ക്ലാസുകൾ നടക്കുകയാണെന്ന് സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ ടെസ പറഞ്ഞു. പരിപാടി നടക്കുന്ന ദിവസം മരണശേഷം അവയവങ്ങൾ ദാനം ചെയ്ത യുവാവിന്റെ രക്ഷകർത്താക്കൾ പങ്കെടുക്കുന്ന പരിപാടിയും ഉണ്ടാവും.
അവയവദാനം വർദ്ധിപ്പിക്കണം
ഔദ്യോഗിക കണക്കുകൾ പ്രകാരം 2024ൽ കേരളത്തിൽ 3714 അപകടങ്ങളാണ് നടന്നത്. എന്നാൽ അവയവങ്ങൾ ലഭിച്ചത് 11 പേർക്ക് മാത്രമാണെന്ന് ലിവർ ഫൗണ്ടേഷൻ ഒഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി വിനു വി. നായർ പറഞ്ഞു. സമൂഹത്തിൽ നിൽക്കുന്ന തെറ്റിദ്ധാരണകളാണ് പലരെയും പിന്നോട്ട് വലിക്കുന്നത്. ഒരാളിൽ നിന്ന് എട്ടുപേർക്ക് വരെ പുതുജന്മം നൽകാനാകും. കേരളത്തിൽ നാലായിരത്തലധികം പേരാണ് അവയവങ്ങൾക്കായി കാത്തിരിക്കുന്നത്.
അവയവദാനവുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ നടക്കുന്നുണ്ട്. 18 വയസ് കഴിഞ്ഞ താത്പര്യമുള്ള എല്ല വിദ്യാർത്ഥികൾക്കും രജിസ്ട്രേഷന് സൗകര്യമുണ്ടാകും.
ഡോ. അൽഫോൺസ വിജയ ജോസഫ്
പ്രിൻസിപ്പൽ
സെന്റ് തെരേസാസ് കോളേജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |