
കൊച്ചി: മികച്ച ആർ.ഡി.ഒ ഓഫീസിനും മികച്ച സബ് കളക്ടർക്കുമുള്ള സംസ്ഥാന റവന്യൂ അവാർഡ് ലഭിച്ചതിന്റെ നിറവിലാണ് പഴികളേറെ കേട്ടിരുന്ന ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫീസിപ്പോൾ.
അതിവേഗ ഫയൽനീക്കത്തിനുള്ള ശ്രമങ്ങൾ നടത്തി വിജയിപ്പിച്ചതിന്റെ ഫലമാണ് അംഗീകാരമെന്ന് സബ്കളക്ടർ കെ. മീര കേരളകൗമുദിയോട് പറഞ്ഞു.
ഭൂമി തരംമാറ്റത്തിന് മാത്രം 25ലേറെ ജീവനക്കാരെ നിയോഗിച്ചു. റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അദാലത്തിൽ 5,000ലേറെ തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനായതും നേട്ടമായി. മീര സബ്കളക്ടറായി ചുമതലയേറ്റ ശേഷം ടാർജറ്റ് നിശ്ചയിച്ചായിരുന്നു പ്രവർത്തനം. തൃശൂർ സ്വദേശിനിയും 2021 ബാച്ച് കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയുമായ 30കാരി കെ. മീര മലപ്പുറം അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൂർഗ് സബ്കളക്ടറായ വിനായകാണ് ഭർത്താവ്.
അബ്ബാസിന് അനുഭവ സമ്പത്തിനുള്ള അംഗീകാരം
1990ൽ എൽ.ഡി ക്ലാർക്കായി സേവനം ആരംഭിച്ച എറണാകുളം റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസിന് മികച്ച ഡെപ്യൂട്ടി കളക്ടർക്കുള്ള പുരസ്‌കാരം അനുഭവ സമ്പത്തിനുള്ള അംഗീകാരമാണ്. തൊടുപുഴയിൽ വില്ലേജ് ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തഹസിൽദാറായും എൽ.ആർ ഡെപ്യൂട്ടി കളക്ടറായും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായും പ്രവർത്തിച്ച മികവുമായാണ് എറണാകുളം ആർ.ആർ ഡെപ്യൂട്ടി കളക്ടറായത്. കൊവിഡ് രണ്ടാം വരവിൽ 2021ൽ പാലക്കാട് ഡെപ്യൂട്ടി കളക്ടറായിരിക്കെ ഓക്‌സിജൻ കുറവ് പരിഹരിക്കുന്നതിന് അദ്ദേഹം സ്വീകരിച്ച നടപടികൾ പ്രശംസ നേടി. ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷമുള്ള രണ്ടാംഘട്ട നടപടികളിലും അബ്ബാസിന്റെ നേതൃപാടവമുണ്ട്. കുസാറ്റ് ദുരന്തം, കളമശേരി ബോംബ് സ്‌ഫോടനം, കുവൈറ്റിലെ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ മൃതശരീരങ്ങൾ ഏറ്റുവാങ്ങൽ തുടങ്ങിയവയുടെ ഏകോപന ചുമതലയിലും അബ്ബാസിനായിരുന്നു. തൊടുപുഴ സ്വദേശിയാണ്.
കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണ്
കെ. മീര
സബ്കളക്ടർ ഫോർട്ട്‌കൊച്ചി
കൃത്യതയോടെയുള്ള ജോലി നിർവഹണത്തിന് ലഭിച്ച അംഗീകാരം സന്തോഷം നൽകുന്നു.
വി.ഇ. അബ്ബാസ്
ആർ.ആർ ഡെപ്യൂട്ടി കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |